ആദിവാസി യുവാക്കൾക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തു
1575996
Tuesday, July 15, 2025 8:06 AM IST
നിലന്പൂർ: ആദിവാസി ഗോത്രവിഭാഗത്തിലെ 65 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകി. ജില്ലാ പോലീസിന്റെ നേതൃത്വത്തിൽ എസ്ആർഇ ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ വനത്തിനകത്തും വനത്തിനോട് ചേർന്നും താമസിക്കുന്ന ആദിവാസി ഗോത്രവിഭാഗങ്ങളിലെ യുവതി,യുവാക്കൾക്കാണ് ഡ്രൈവിംഗ് ലൈസൻസ് നൽകിയത്.
പരിശീലനം നൽകി ഡ്രൈവിംഗ് ലൈസൻസ് നൽകുന്ന പദ്ധതി പ്രകാരമാണ് നിലന്പൂർ ഡിവൈഎസ്പി ഓഫീസിൽ നടന്ന ചടങ്ങിൽ 65 പേർക്ക് ഡ്രൈവിംഗ് ലൈസൻസ് വിതരണം ചെയ്തത്. ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് വിതരണോദ്ഘാടനം നിർവഹിച്ചു.
രണ്ട് തവണകളായി 140 പേർക്ക് ലൈസൻസ് നൽകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദ്യഘട്ടത്തിൽ 75 പേർക്ക് ലൈസൻസ് നൽകിയിരുന്നു. രണ്ടാംഘടത്തിൽ എട്ട് പേർക്ക് ജീപ്പിന്റെ ലൈസൻസാണ് നൽകിയത്. ഇത് അവർക്ക് ഉപജീവനത്തിനു കൂടി സഹായകമാകും. ഉൾവനത്തിൽ കഴിയുന്ന ആദിവാസി വിഭാഗത്തിന് വാഹനം ഓടിക്കാൻ ലൈൻസൻസ് നൽകുന്നതിലൂടെ നിയമതടസം ഒഴിവാക്കാനും സുരക്ഷ ഉറപ്പാക്കാനും കഴിയുമെന്നും എസ്പി പറഞ്ഞു. മോട്ടോർ വാഹനവകുപ്പും ജില്ലാ പോലീസും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്.
മാവോയിസ്റ്റ് ഇടപെടൽ ഉണ്ടായപ്പോൾ പൊതുസമൂഹത്തിനൊപ്പം നിന്നവരാണ് കരുളായി ഉൾവനത്തിലെ ആദിവാസി സമൂഹമെന്നും അദ്ദേഹം പറഞ്ഞു. ഇതിൽ നാലുപേർ പ്രാക്തന ഗോത്രവർഗമായ മാഞ്ചീരി ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവരും മൂന്നുപേർ സ്ത്രീകളുമാണ്.
പ്രാക്തന ഗോത്രത്തിലെ ചോലനായ്ക്ക വിഭാഗത്തിൽപ്പെട്ടവർക്ക് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കുന്നത് ആദ്യമാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥനും മാഞ്ചീരി ചോലനായ്ക്ക നഗറിലെ അംഗവുമായ ബാലനും പറഞ്ഞു. നിലന്പൂർ ഡിവൈഎസ്പി സാജു കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ജോയിന്റ് ആർടിഒ കെ.പി. ദീലിപ് മുഖ്യപ്രഭാഷണം നടത്തി. നിലന്പൂർ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ, കരുവാരകുണ്ട് സിഐ ജയൻ, എടക്കര സിഐ ബാബു, ആദിവാസി വിഭാഗത്തിൽ നിന്ന് ബാലൻ മാഞ്ചീരി, ഗോപാലൻ പാട്ടക്കരിന്പ്, വീരൻ ഉച്ചക്കുളം എന്നിവർ പ്രസംഗിച്ചു. ഇതോടൊപ്പം ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.