കോളജ് യൂണിയൻ തെരഞ്ഞെടുപ്പ് ഒന്പതിന് നടത്തും
1592610
Thursday, September 18, 2025 5:22 AM IST
കാലിക്കട്ടിൽ ഫെലോഷിപ്പ് മാനദണ്ഡങ്ങൾ പുതുക്കി
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളജുകളിൽ യൂണിയൻ തെരഞ്ഞെടുപ്പ് ഒക്ടോബർ ഒന്പതിന് നടത്താൻ തീരുമാനം. വയനാട് ചെതലയം ഐടിഎസ്ആർ, തൃശൂർ അരനാട്ടുകര ജോണ് മത്തായി സെന്റർ എന്നിവിടങ്ങളിൽ പ്രത്യേക വിദ്യാർഥി യൂണിയൻ ആരംഭിക്കും.
ഡിപ്പാർട്ട്മെന്റ് സ്റ്റുഡൻസ് യൂണിയന്റെ കീഴിലായിരുന്നു ഇതുവരെ ഈ കാന്പസുകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നത്. ഇതിലാണ് സിൻഡിക്കറ്റ് മാറ്റം വരുത്തിയത്. യൂണിവേഴ്സിറ്റിയിലെ വിവിധ അംഗീകൃത ഗവേഷക കേന്ദ്രങ്ങളിലെ ഗവേഷകർക്ക് ഫെലോഷിപ്പ് അനുവദിക്കുന്നതിന് പുതുക്കിയ മാർഗ നിർദേശങ്ങൾ അംഗീകരിച്ചു. ഓരോ ഫാക്കൽറ്റിക്ക് കീഴിലും പിഎച്ച്ഡിക്ക് പ്രവേശനം നേടുന്ന ഗവേഷകരുടെ എണ്ണത്തിന് അനുപാതികമായിട്ടായിരിക്കും ഫെലോഷിപ്പുകൾ നൽകുക.
പ്രവേശനത്തിന് പാലിക്കുന്ന സംവരണ മാനദണ്ഡങ്ങൾ ഫെലോഷിപ്പിനും ബാധകമാകും. നാലുവർഷത്തേക്കാണ് ഫെലോഷിപ്പ്. ആദ്യം രണ്ടുവർഷം 18,000 രൂപയും അടുത്ത രണ്ടുവർഷം 21,000 രൂപയും നൽകും. മണ്ണാർക്കാട്ടെ സെന്റർ ഫോർ കന്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സ്ഥിരം കെട്ടിടത്തിലേക്ക് മാറ്റുന്നതിന് വേണ്ടി സ്ഥലം എംഎൽഎ, എംപി, മുൻസിപ്പാലിറ്റി എന്നിവരുടെ സഹായം തേടും.
സിആർപിഎഫിലെ വീരമൃത്യുവരിച്ച വിരമിച്ച സേവനത്തിലുള്ള ജീവനക്കാരുടെ ആശ്രിതർക്ക് കോളജുകളിലെ വിവിധ കോഴ്സുകളിലേക്ക് പ്രവേശനത്തിന് സീറ്റ് സംവരണം എക്സ് മിലിറ്ററി വിഭാഗത്തിന് നൽകുന്ന സംവരണത്തോടൊപ്പം പരിഗണിക്കും.