മഞ്ചേരിയിൽ സ്റ്റേഡിയങ്ങൾക്ക് സ്ഥലം വാങ്ങാൻ തീരുമാനം
1592215
Wednesday, September 17, 2025 5:36 AM IST
നിർമിക്കുന്നത് നാല് മിനി സ്റ്റേഡിയങ്ങൾ
മഞ്ചേരി: നഗരസഭ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന നാല് മിനി സ്റ്റേഡിയങ്ങൾക്ക് സ്ഥലം വാങ്ങാൻ കൗണ്‍സിൽ തീരുമാനം. മുള്ളന്‍പാറ വാക്കേത്തൊടി, വെള്ളാരങ്ങൽ, പട്ടർകുളം, വട്ടപ്പാറ, എന്നിവിടങ്ങളിലാണ് സ്ഥലം കണ്ടെത്തിയത്. താൽപ്പര്യപത്രം ക്ഷണിച്ചതിൽ ഏറ്റവും കൂടുതൽ സ്ഥലം കുറഞ്ഞ വിലക്ക് ലഭിക്കുന്ന സ്ഥലം ഏറ്റെടുക്കാൻ കൗണ്‍സിൽ തീരുമാനിച്ചു.
ഇതിന് പുറമെ കിടങ്ങഴിയിലും പയ്യനാട് വില്ലേജിലും കോഴിക്കോട്ടുകുന്നിലും സ്ഥലം കണ്ടെത്തുമെന്ന് ചെയർപേഴ്സണ്‍ വി.എം. സുബൈദ പറഞ്ഞു. അടുത്ത ഭേദഗതിയിൽ ആവശ്യമായ തുക വകയിരുത്തുമെന്നും അവർ അറിയിച്ചു. ഓരോ സ്ഥലത്തിനും 30 ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ബാക്കി വരുന്ന തുക നാട്ടുകാർ കണ്ടെത്തേണ്ടി വരുമെന്ന് നഗരസഭ വിദ്യാഭ്യാസ കലാകായിക സ്ഥിരം സമിതി ചെയർമാൻ യാഷിക് മേച്ചേരി പറഞ്ഞു.
നഗരസഭയിൽ വിവിധ സ്ഥലങ്ങളിൽ കളിസ്ഥലം വാങ്ങുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചത് അറിഞ്ഞിട്ടില്ലെന്നും ഇത് സുതാര്യമാകണമെന്നും വീണ്ടും താൽപ്പര്യപത്രം ക്ഷണിക്കണമെന്നും പ്രതിപക്ഷ നേതാവ് മരുന്നൻ സാജിദ് ബാബു ആവശ്യപ്പെട്ടു.
കൗണ്‍സിൽ തീരുമാനത്തിനെതിരെ പ്രതിപക്ഷം വിയോജനക്കുറിപ്പ് നൽകി. വൈസ് ചെയർമാൻ വി.പി. ഫിറോസ്, സ്ഥിരംസമിതി അധ്യക്ഷരായ റഹീം പുതുക്കൊള്ളി, സി. സക്കീന, എൻ.എം. എൽസി, എൻ.കെ. ഖൈറുന്നീസ, കൗണ്‍സിലർമാരായ കണ്ണിയൻ അബൂബക്കർ, മരുന്നൻ മുഹമ്മദ്, ഹുസൈൻ മേച്ചേരി, എൻ.കെ. ഉമ്മർ ഹാജി, സി.പി. അബ്ദുൾ കരീം, എ.വി. സുലൈമാൻ എന്നിവർ പ്രസംഗിച്ചു.
അഴിമതി നീക്കം ഉപേക്ഷിക്കണമെന്ന്
മഞ്ചേരി : നഗരസഭയിലെ പട്ടർകളം, വട്ടപ്പാറ, മുള്ളന്‍പാറ, വെള്ളാരങ്ങൽ എന്നീ വാർഡുകളിൽ കളിസ്ഥലം ഉണ്ടാക്കാൻ സ്ഥലമെടുക്കുന്നതിൽ അഴിമതി നടത്താനുള്ള നഗരസഭാ ഭരണക്കാരുടെ നീക്കം ഉപേക്ഷിക്കണമെന്ന് എൽഡിഎഫ് കൗണ്‍സിലർമാർ.
നഗരസഭയിലെ വിവിധ വാർഡുകളിൽ കളിസ്ഥലം വേണമെന്ന് നാട്ടുകാരും വിവിധ ക്ലബുകളും ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്. എന്നാൽ ഈ കൗണ്‍സിൽ നിലവിൽ വന്നിട്ട് നാല് വർഷവും ഒന്‍പത് മാസവുമായി. ഇതുവരെ അതിനു വേണ്ടിയുള്ള ഒരു ശ്രമവും നടത്താത്ത നഗരസഭാ ഭരണക്കാർ ഇപ്പോൾ കളിസ്ഥലം ഉണ്ടാക്കുന്നുവെന്ന പ്രതീതി ഉണ്ടാക്കാനും അതുവഴി ലക്ഷങ്ങളുടെ അഴിമതി നടത്താനുമാണ് നീക്കം നടത്തുന്നത്.
ഭൂമി വാങ്ങുന്നതിനു വേണ്ടി പത്രപരസ്യ കൊടുത്തതിൽ കളിസ്ഥലത്തിന് എത്ര സെന്റ് ഭൂമി വേണം എന്ന് പരാമർശിച്ചിട്ടില്ല. മാത്രമല്ല നാല് വാർഡുകളിലും രണ്ട് വീതം ക്വട്ടേഷൻ മാത്രമാണ് ലഭിച്ചത്. അതിൽ തന്നെ എട്ട് സെന്റ് ഭൂമിയാണ് ഒരാൾ താല്പര്യം അറിയിച്ചത്.
പലതിലും ഭൂമിയുടെ വിലയെ സംബന്ധിച്ച് എന്നും പറഞ്ഞിട്ടില്ല. ഇതെല്ലാം അഴിമതി നടത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അടിയന്തരമായി വീണ്ടും ക്വട്ടേഷൻ ക്ഷണിച്ചു സുതാര്യമായ രീതിയിൽ കളിസ്ഥലമില്ലാത്ത എല്ലാ വാർഡിലും കളി സ്ഥലത്തിനുള്ള ഭൂമി വാങ്ങിക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകണമെന്നും എൽഡിഎഫ് കൗണ്‍സിലർമാർ യോഗത്തിൽ ആവശ്യപ്പെട്ടു.