നിർബന്ധിത മതപരിവർത്തന നിരോധന നിയമം; കേസുകളെല്ലാം സുപ്രീംകോടതിയിലേക്ക്
Wednesday, September 17, 2025 1:37 AM IST
ന്യൂഡൽഹി: നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടു വിവിധ സംസ്ഥാനങ്ങൾ പാസാക്കിയ നിയമത്തിന്റെ സാധുത ചോദ്യംചെയ്തു വിവിധ ഹൈക്കോടതികളുടെ പരിഗണനയിലുള്ള ഹർജികൾ സുപ്രീംകോടതിയിലേക്കു മാറ്റാൻ നിർദേശം.
നിലവിൽ മതപരിവർത്തന നിരോധന നിയമം പാസാക്കിയിട്ടുള്ള ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, ജാർഖണ്ഡ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളോട് ചീഫ് ജസ്റ്റീസ് ബി.ആർ. ഗവായ്, ജസ്റ്റീസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ച് വിഷയത്തിൽ പ്രതികരണം തേടി. സംസ്ഥാനങ്ങൾ പാസാക്കിയ നിർബന്ധിത മതപരിവർത്തന നിയമനങ്ങൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടു ’സിറ്റിസണ് ഫോർ ജസ്റ്റീസ് ആൻഡ് പീസ്’ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്നാണു നടപടി.
നിയമങ്ങൾ പാസാക്കിയ സംസ്ഥാനങ്ങൾ നാലാഴ്ചയ്ക്കകം മറുപടി നൽകണം. ആറാഴ്ചയ്ക്കുശേഷം ഹർജികൾ വീണ്ടും പരിഗണിക്കും. നിലവിൽ ഇന്ത്യയിൽ 11 സംസ്ഥാനങ്ങൾ മതപരിവർത്തന നിയമം പാസാക്കിയിട്ടുണ്ട്.
‘മതസ്വാതന്ത്ര്യ നിയമം’എന്നു പൊതുവെ അറിയപ്പെടുന്നെങ്കിലും അവ ന്യൂനപക്ഷങ്ങളുടെ മതസ്വാതന്ത്ര്യത്തെ തടയുകയും മതപരമായ ആചാരങ്ങളെ ലക്ഷ്യം വയ്ക്കുകയും ചെയ്യുന്നതായി ഹർജിക്കാർക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ചന്ദർ ഉദയ് സിംഗ് കോടതിയിൽ പറഞ്ഞു. നിർബന്ധിത മതപരിവർത്തന നിരോധന നിയമം പാസാക്കിയ മിക്ക സംസ്ഥാനങ്ങളും അതിൽ ഭേദഗതി വരുത്തി ന്യൂനപക്ഷങ്ങൾക്കു നേരേ പ്രയോഗിക്കുന്നു.
2024ൽ ഉത്തർപ്രദേശ് സർക്കാർ കൊണ്ടുവന്ന ഭേദഗതി പ്രകാരം നിയമപരമല്ലാത്ത മതപരിവർത്തനത്തിന്റെ ശിക്ഷ 20 വർഷമാക്കി ഉയർത്തി. ഇതൊരാളെ ജീവിതകാലം മുഴുവനും ജയിലറയ്ക്കുള്ളിലാക്കുന്നു. കൂടാതെ, പല സംസ്ഥാനങ്ങളും ജാമ്യവ്യവസ്ഥ ഭേദഗതിയിലൂടെ പരിഷ്കരിച്ചു.
കള്ളപ്പണ നിരോധന നിയമത്തിലുള്ള ഇരട്ട ജാമ്യവ്യവസ്ഥകൾ പോലുള്ള കടുത്ത നിബന്ധനകൾ നിർബന്ധിത മതപരിവർത്തന നിയമത്തിൽ പല സംസ്ഥാനങ്ങളും ഭേദഗതിയിലൂടെ കൊണ്ടുവന്നതായും ഹർജിക്കാർ ചൂണ്ടിക്കാട്ടി.
2021ൽ ഗുജറാത്ത് ഹൈക്കോടതി സംസ്ഥാനത്തു പാസാക്കിയ നിയമത്തിലെ ചില വ്യവസ്ഥകൾ സ്റ്റേ ചെയ്തിരുന്നു. സമാന നടപടി മധ്യപ്രദേശ് സർക്കാർ സ്വീകരിച്ചതായും ഹർജിക്കാർ ബെഞ്ചിനെ അറിയിച്ചു. എന്നാൽ ഹൈക്കോടതികളുടെ ഇടക്കാല ഉത്തരവിനെ സംസ്ഥാനങ്ങൾ സുപ്രീംകോടതിയിൽ ചോദ്യം ചെയ്തു.
ദുരുപയോഗത്തിൽ ആശങ്ക
വിവിധ സംസ്ഥാനങ്ങൾ പാസാക്കുന്ന നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ ന്യൂനപക്ഷങ്ങൾക്കു നേരേ ഉപയോഗിക്കുന്നതിൽ കടുത്ത ആശങ്ക വിവിധ സമുദായങ്ങൾ പ്രകടിപ്പിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ ഛത്തീസ്ഗഡിൽ അറസ്റ്റിലായ രണ്ട് കന്യാസ്ത്രീകൾക്കുനേരേ ചുമത്തിയത് സംസ്ഥാനം പാസാക്കിയ മതപരിവർത്തന നിരോധന നിയമമാണ്. ഇതുപ്രകാരം കേസ് രജിസ്റ്റർ ചെയ്താൽ ജാമ്യം അടക്കമുള്ള തുടർനടപടികൾ ദുഷ്കരമാണ്.