വഖഫ് കോടതി വിധി സ്വാഗതം ചെയ്ത് പ്രതിപക്ഷം
Tuesday, September 16, 2025 1:51 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതിക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സ്വാഗതം ചെയ്തു പ്രതിപക്ഷനേതാക്കളും കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രിയും.
വിവാദ നിയമത്തെ പാർലമെന്റിൽ എതിർത്ത പാർട്ടികളുടെ മാത്രമല്ല സംയുക്ത പാർലമെന്ററി സമിതിയിൽ (ജെപിസി) എതിർപ്പറിയിച്ച എംപിമാരുടെ വിജയം കൂടിയാണു സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവെന്ന് കോണ്ഗ്രസ് ജനറൽ സെക്രട്ടറി ജയ്റാം രമേശ് എക്സിൽ കുറിച്ചു. നീതി, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാമൂല്യങ്ങളുടെ വിജയമായി ഉത്തരവിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, നിയമഭേദഗതിയെ ഭാഗികമായി മാത്രം സ്റ്റേ ചെയ്ത പരമോന്നത കോടതിയുടെ ഉത്തരവിനെ കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരണ് റിജിജു അനുകൂലിച്ചു. സുപ്രീംകോടതി ഉത്തരവ് ജനാധിപത്യത്തിന് നല്ല സൂചനയാണെന്നായിരുന്നു ഉത്തരവിനോട് റിജിജു പ്രതികരിച്ചത്. പാർലമെന്റിന്റെ എല്ലാ അധികാരങ്ങളെയും വെല്ലുവിളിക്കാൻ കഴിയില്ലെന്നും നിയമത്തിലെ ചില വ്യവസ്ഥകളെ മാത്രം വെല്ലുവിളിക്കാമെന്നും സുപ്രീംകോടതിയുടെ ഉത്തരവ് ഇതുതന്നെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും റിജിജു പറഞ്ഞു.
ബിജെപി സർക്കാരിന്റെ ഭരണഘടനാവിരുദ്ധവും അനധികൃതവുമായ ഭേദഗതികളെ റദ്ദാക്കുന്നതിനായുള്ള പ്രധാന നടപടിയാണു സുപ്രീംകോടതി ഉത്തരവെന്ന് ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിൻ പറഞ്ഞു. വിവാദ വ്യവസ്ഥകൾക്കു ഭാഗികമായി സ്റ്റേ ഏർപ്പെടുത്തിയ സുപ്രീംകോടതി ഉത്തരവിനെ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി സ്വാഗതം ചെയ്തു.
ശിഥിലമായ മോദിസഖ്യത്തിനു സുപ്രീംകോടതി ഒരു സുപ്രധാന സന്ദേശം നൽകിയെന്നായിരുന്നു തൃണമൂൽ എംപി സാഗരിക ഘോഷിന്റെ പ്രതികരണം. വഖഫ് വിഷയത്തിൽ സർക്കാർ ഇടപെടരുതെന്നാണ് തങ്ങളുടെ അഭിപ്രായമെന്നും സുപ്രീംകോടതി നീതി ഉറപ്പാക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്നും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് പ്രതികരിച്ചു.