"എങ്ങോട്ടും പോകുന്നില്ല, എൻഡിഎയിൽ തുടരും'; മോദിയുടെ സാന്നിധ്യത്തിൽ നിതീഷ്
Tuesday, September 16, 2025 1:51 AM IST
പൂർണിയ: ദേശീയ ജനാധിപത്യ സഖ്യത്തിൽനിന്ന് (എൻഡിഎ) വിട്ടുപോകുമെന്ന അഭ്യൂഹങ്ങൾക്കു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ മറുപടി പറഞ്ഞ് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.
എൻഡിഎയിൽ തുടരുമെന്നു വ്യക്തമാക്കിയ നിതീഷ് അധികാരം പങ്കിട്ട ഘട്ടങ്ങളിലെല്ലാം കോൺഗ്രസുമായി കലഹിച്ചിരുന്നുവെന്നും പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബിഹാറിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടി പങ്കെടുത്ത റാലിയിൽ സംസാരിക്കുകയായിരുന്നു നിതീഷ്.
2005ലാണ് ബിജെപിക്കൊപ്പം ചേർന്ന് ആദ്യമായി സർക്കാർ രൂപീകരിക്കുന്നത്. അതിനുശേഷം ഒന്നുരണ്ടു തവണ മറുഭാഗത്തേക്ക് പോയി. അന്നെല്ലാം അധികാരവിഭജനത്തിൽ ഒട്ടേറെ പ്രശ്നങ്ങളുണ്ടായി. ഇനി ഒരിടത്തേക്കും പോകുന്നില്ല- മോദിയുടെ പ്രോത്സാഹനത്തിനിടെ നിതീഷ് സ്ഥിരീകരിച്ചു.