ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി ഒന്‍പത് മരണം
Sunday, September 14, 2025 2:01 AM IST
ബംഗളൂരു: ഗണേശവിഗ്രഹ നിമജ്ജന ഘോഷയാത്രയിലേക്കു നിയന്ത്രണം വിട്ട ട്രക്ക് പാഞ്ഞുകയറി ഒന്‍പതു പേര് മരിച്ചു. 21 പേര്‍ക്ക് പരിക്കേറ്റു. ഹാസൻ ജില്ലയിലെ മൊസാലെ ഹൊസഹള്ളിയിൽ വെള്ളിയാഴ്ച രാത്രിയിലായിരുന്നു അപകടം. പരിക്കേറ്റവരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്.
മരിച്ചവരിൽ മൂന്നുപേർ മൊസാലെ ഹൊസഹള്ളി ഗവ. എൻജിനിയറിംഗ് കോളജ് വിദ്യാർഥികളാണ്. പരിക്കേറ്റവരിലും ഇതേ കോളജിലെ വിദ്യാർഥികളാണ് ഏറെയും.
ദേശീയപാത 373ലൂടെ വിഗ്രഹ നിമജ്ജന ഘോഷയാത്ര കടന്നുപോകവേ രാത്രി 8.30 ഓടെയായിരുന്നു സംഭവം. ബൈക്കിൽ ഇടിക്കുന്നത് ഒഴിവാക്കാനായി വെട്ടിക്കവെ ട്രക്ക് നിയന്ത്രണംവിട്ട് മീഡിയനിലേക്കു കയറി എതിർഭാഗത്തെ ലൈനിലൂടെ പോകുകയായിരുന്ന ഘോഷയാത്രയ്ക്കു നേരേ ഇടിച്ചുകയറുകയായിരുന്നു. ട്രക്കിന്റെ അമിതവേഗമാണ് അപകടത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
അപകടത്തിനുശേഷം ഓടി രക്ഷപ്പെട്ട ഡ്രൈവർ ഭുവനേഷിനെ പിന്നീട് പോലീസ് പിടികൂടി. അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുശോചനം അറിയിച്ചു.
മരിച്ചവരുടെ ആശ്രിതർക്ക് പ്രധാനമന്ത്രി രണ്ടു ലക്ഷം രൂപ വീതവും മുഖ്യമന്ത്രി അഞ്ചു ലക്ഷം രൂപ വീതവും സഹായധനം പ്രഖ്യാപിച്ചു.