ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചയ്ക്ക് കളമൊരുങ്ങുന്നു
Thursday, September 11, 2025 3:19 AM IST
സനു സിറിയക്
ന്യൂഡൽഹി: ഇന്ത്യ-അമേരിക്ക വ്യാപാരചർച്ചകൾ ഉടൻ ആരംഭിച്ചേക്കുമെന്ന് സൂചന. വ്യാപാരചർച്ചകളിൽ ഇരുരാജ്യങ്ങളും പരസ്പര ധാരണയിലെത്താൻ ഒരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നു വ്യക്തമാക്കി പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പ്രസ്താവനയെ പ്രധാനമന്ത്രി നേരേന്ദ്ര മോദി സ്വാഗതം ചെയ്തു. വരും ആഴ്ചകളിൽ തന്റെ സുഹൃത്ത് മോദിയുമായി സംസാരിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ട്രംപ് സമൂഹമാധ്യമത്തിലൂടെ ആഗ്രഹം പ്രകടിപ്പിച്ചു.
ഇന്ത്യയും അമേരിക്കയും അടുത്ത സുഹൃത്തുക്കളും സ്വാഭാവിക പങ്കാളികളുമാണെന്നാണ് മോദി സമൂഹമാധ്യമമായ എക്സിൽ ട്രംപിന്റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വ്യക്തമാക്കിയത്.
വ്യാപാരചർച്ചകൾ എത്രയും വേഗം ആരംഭിക്കാൻ ഇരുരാജ്യങ്ങളും പ്രവർത്തിക്കുന്നുണ്ടെന്നും മോദി കൂട്ടിച്ചേർത്തു. ഇരുനേതാക്കളും പരസ്പര സംഭാഷണത്തിന് ആഗ്രഹം പ്രകടിപ്പിച്ചത് ഇരട്ടി തീരുവയെത്തുടർന്നു വഷളായ ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള സൂചനകളാണു നൽകുന്നത്.
ഇന്ത്യക്കുമേൽ ഇരട്ടി തീരുവ ഏർപ്പെടുത്തിയതും റഷ്യൻ എണ്ണ വാങ്ങലും സംബന്ധിച്ച സംഘർഷങ്ങൾക്കിടയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം രണ്ടു പതിറ്റാണ്ടിനിടയിൽ ഏറ്റവും മോശം ഘട്ടത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തിലാണ് ഉഭയകക്ഷി ബന്ധത്തിൽ ഗണ്യമായ പുരോഗതിയിലേക്ക് സൂചന നൽകുന്ന പ്രസ്താവനകൾ ഇരുരാജ്യങ്ങളും നടത്തിയത്.
ഒരാഴ്ചയ്ക്കിടെ ഇതു രണ്ടാം തവണയാണ് ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തെ പ്രശംസിച്ച് ട്രംപ് പ്രസ്താവനകൾ നടത്തുന്നത്.
രാജ്യങ്ങൾ തമ്മിലുള്ള ബന്ധത്തിനൊപ്പം മോദിയെ പ്രശംസിക്കാനും ട്രംപ് മറന്നില്ല. അതേസമയം, വ്യാപാര ചർച്ചകൾക്കായി ഇന്ത്യൻസംഘം അമേരിക്കയിലേക്ക് പോകുമെന്ന് സൂചനകളുണ്ട്. നേരത്തേ ഇന്ത്യയിലേക്കു വരാനിരുന്ന അമേരിക്കൻ സംഘം യാത്ര മാറ്റിവച്ചിരുന്നു.