രാഹുൽ ഗാന്ധിയുടെ നിയമസഹായ സംഘത്തിലെ മുൻ അംഗം ജീവനൊടുക്കി
Tuesday, September 9, 2025 1:23 AM IST
അഹമ്മദാബാദ്: രാഹുൽ ഗാന്ധിയുടെ നിയമസഹായ സംഘത്തിലെ മുൻ അംഗമായ ഗുജറാത്തിലെ മുതിർന്ന അഭിഭാഷകൻ നദിയിൽ ചാടി ജീവനൊടുക്കി. സൂറത്ത് കോൺഗ്രസ് ലീഗൽ കൺവീനർ ഫിറോസ് പഠാനാണ് വ്യാഴാഴ്ച രാത്രി താപി നദിയിൽ ചാടി ആത്മഹത്യ ചെയ്തത്.
കുടുംബ കലഹങ്ങളും സാമ്പത്തിക പ്രശ്നങ്ങളും മൂലം ഫിറോസ് പഠാന് വിഷാദരോഗം ബാധിച്ചിരുന്നതായി പോലീസ് അറിയിച്ചു. മരിക്കുന്നതിനു മുമ്പ്, ഫിറോസ് തന്റെ ജൂണിയർ അഭിഭാഷകനായ ദീപക്കിനെ ഫോൺ വിളിച്ചതായും തനിക്കെന്തെങ്കിലും സംഭവിച്ചാൽ കോടതിക്കു സമീപമുള്ള പാലത്തിലേക്ക് വരൂ എന്നും പറഞ്ഞതായി പോലീസ് പറഞ്ഞു.
ബിജെപി എംഎൽഎ പൂർണേഷ് മോദിയുടെ പരാതിയെത്തുടർന്ന് സൂറത്തിൽ രാഹുൽ ഗാന്ധിക്കെതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്കുവേണ്ടി ഹാജരായ കോൺഗ്രസിന്റെ നിയമസംഘത്തിലെ അംഗമായിരുന്നു പഠാൻ.