പൗരത്വ നിയമം; ആസാമിനെ ഒഴിവാക്കണമെന്ന് എജിപി
Sunday, September 7, 2025 1:35 AM IST
ഗോഹട്ടി: കുടിയേറ്റക്കാരെ സംബന്ധിച്ച കേന്ദ്ര നിർദേശങ്ങളിൽനിന്ന് ആസാമിനെ ഒഴിവാക്കണമെന്ന് എൻഡിഎ സഖ്യകക്ഷിയായ അസാം ഗണ പരിഷത്ത് (എജിപി). ഇക്കാര്യം ആവശ്യപ്പെട്ട് എജിപി സുപ്രീംകോടതിയെ സമീപിക്കും.
ആസാമിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണകക്ഷിയിൽ അംഗമാണ് എജിപി. ആസാം കരാറിന്റെ ആത്മാവിന് വിരുദ്ധമായ ഏതൊരു നടപടിയെയും എതിർക്കുമെന്ന് പാർട്ടി പ്രഖ്യാപിച്ചു.
മുസ്ലിംകളല്ലാത്ത കുടിയേറ്റക്കാർക്ക് പൗരത്വം നൽകുന്നതിനുള്ള നിയമത്തിനെതിരായാണ് എജിപി രംഗത്തുവന്നിരിക്കുന്നത്. ആസാമിനെ ഉത്തരവിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്യാൻ തീരുമാനിച്ചതായി എജിപി വൈസ് പ്രസിഡന്റ് കുമാർ ദീപക് ദാസ് പറഞ്ഞു.