യമുനാ നദി കരകവിഞ്ഞു; നിഗംബോധ് ഘട്ടിൽ ആശങ്ക
Thursday, September 4, 2025 2:15 AM IST
ന്യൂഡൽഹി: ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്ന് യമുനാനദി കരകവിഞ്ഞൊഴുകുന്നത് നിഗംബോധ് ഘട്ട് ശ്മശാനത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമോയെന്നതിൽ ആശങ്ക.
രാജ്യതലസ്ഥാനത്തെ ഏറ്റവും പഴയതും ഏറ്റവും വലുതുമായ ഈ ശ്മശാനത്തിനു തൊട്ടടുത്തുവരെ ജലനിരപ്പ് എത്തി. മഴ തുടർന്നാൽ ശ്മശാനത്തിന്റെ പ്രവർത്തനം നിർത്തിവയ്ക്കേണ്ട അവസ്ഥയിൽ ജലനിരപ്പ് എത്തുമെന്ന് അധികൃതർ അറിയിച്ചു. ചെങ്കോട്ടയ്ക്കു പുറകിൽ സ്ഥിതിചെയ്യുന്ന നിഗംബോധ് ഘട്ട് ശ്മശാനത്തിൽ മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനുള്ള 42 പ്ലാറ്റ്ഫോമുകളാണുള്ളത്.
യമുനയിലെ ജലനിരപ്പ് ചൊവ്വാഴ്ച 206.03 മീറ്റർ എന്ന റിക്കാർഡ് നിരക്കിൽ എത്തിയിരുന്നു. ഇതേത്തുടർന്ന് നഗരത്തിൽ ജനജീവിതം ഏറെ ദുസ്സഹമായി. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുകയും ചെയ്തു.