ഡൽഹി കലാപ ഗൂഢാലോചനക്കേസ്; വിദ്യാർഥി നേതാക്കളുടെ ജാമ്യം തള്ളി
Wednesday, September 3, 2025 2:06 AM IST
ന്യൂഡൽഹി: പൗരത്വ ഭേദഗതി ബില്ലിനെതിരേ 2020ൽ ഡൽഹിയിലുണ്ടായ കലാപത്തിൽ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ജയിലിൽ അടയ്ക്കപ്പെട്ട വിദ്യാർഥി നേതാക്കൾക്കു ജാമ്യം നിഷേധിച്ച് ഡൽഹി ഹൈക്കോടതി.
യുഎപിഎ കുറ്റം ചുമത്തി അഞ്ചു വർഷത്തിലധികമായി വിചാരണയില്ലാതെ ജയിലിൽ കഴിയുന്ന ഉമർ ഖാലിദ്, ഷർജീൽ ഇമാം, ഗുൽഫിഷ ഫാത്തിമ, ഖാലിദ് സൈഫി, അതർ ഖാൻ, മുഹമ്മദ് സലീം ഖാൻ, ശിഫാ റഹ്മാൻ, മീരാൻ ഹൈദർ, അബ്ദുൾ ഖാലിദ്, ശദാബ് അഹമ്മദ്, തസ്ലിം അഹമ്മദ് എന്നിവർക്കാണ് ജസ്റ്റീസുമാരായ നവീൻ ചൗള, ഷാലിന്ദർ കൗർ എന്നിവരടങ്ങിയ ബെഞ്ച് ജാമ്യം നിഷേധിച്ചത്. അഞ്ചു വര്‍ഷമായി വിചാരണയില്ലാതെ തടവിലായിരുന്നു ഇവര്‍.
മുന്‍കൂട്ടി ആസൂത്രണം ചെയ്തു കലാപം ഉണ്ടാക്കണമെന്ന ലക്ഷ്യം പ്രതികള്‍ക്കുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷന് വാദിച്ചു. ആഗോളതലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചനയാണു നടന്നതെന്നും വളരെക്കാലം തടവില്‍ കഴിഞ്ഞുവെന്നത് ജാമ്യം ലഭിക്കാനുള്ള കാരണമല്ലെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു.
രാജ്യത്തിനെതിരേ എന്തെങ്കിലും ചെയ്താല്‍ കുറ്റവിമുക്തനാകുന്നതുവരെ ജാമ്യത്തിന് അര്‍ഹതയില്ലെന്നും തുഷാര്‍ മേത്ത വ്യക്തമാക്കി. 2020ല്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കുപിന്നാലെ നടന്ന കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റം ചുമത്തിയാണ് ഡല്‍ഹി പോലീസ് ഉമര്‍ ഖാലിദിനെയും ഷര്‍ജീല്‍ ഇമാമിനെയും അറസ്റ്റ് ചെയ്തു യുഎപിഎ ചുമത്തിയത്. ഇരുവരുടെയും ജാമ്യാപേക്ഷ 2022 മുതല്‍ കോടതിയിലാണ്.
ഡല്‍ഹി കലാപത്തില്‍ 50 പേര് കൊല്ലപ്പെടുകയും 700ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. അറസ്റ്റിലായ പ്രതികള്‍ കലാപത്തിന്റെ മുഖ്യ ആസൂത്രകരാണെന്നാണു പോലീസ് ആരോപിക്കുന്നത്.
പോലീസ് ഉന്നയിക്കുന്ന പല ആരോപങ്ങളും തെളിയിക്കാൻ സാധിച്ചിട്ടില്ല. അതേസമയം, ജാമ്യത്തിനായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും അഭിഭാഷകര്‍ പറഞ്ഞു.