ഫോൺ കവർന്നയാളെ പിടികൂടുന്നതിനിടെ ട്രെയിനിൽനിന്നു വീണ് ജവാന്റെ കാലുകൾ അറ്റു
Tuesday, September 2, 2025 1:29 AM IST
ലുധിയാന (പഞ്ചാബ്): ട്രെയിനിൽ യാത്രചെയ്യവെ തന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത മോഷ്ടാവിനെ പിടികൂടുന്നതിനിടെ താഴെവീണ് ബിഎസ്എഫ് ജവാന് ഗുരുതര പരിക്ക്.
ഉത്തർപ്രദേശിലെ ബറെയ്ലി സ്വദേശി അമാൻ ജയ്സ്വാളിനാണു പരിക്കേറ്റത്. ഇരുകാലുകളും അറ്റുപോയ ഇദ്ദേഹത്തെ ലുധിയാന ദയാനന്ദ് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം ന്യൂഡൽഹിയിൽനിന്നു അമൃത്സറിലേക്കുള്ള ഷാൻ-ഇ-പഞ്ചാബ് എക്സ്പ്രസിൽ ജോലിസ്ഥലമായ ജലന്ധറിലേക്കു യാത്ര ചെയ്യവെയായിരുന്നു ദാരുണസംഭവം.
ട്രെയിൻ വേഗത കുറച്ച് ലുധിയാനയിലെ ദാമൊരിയ പാലത്തിലേക്കു പ്രവേശിച്ചപ്പോൾ, വാതിലിനോടു ചേർന്നുള്ള സീറ്റിൽ യാത്രചെയ്യുകയായിരുന്ന ജയ്സ്വാളിന്റെ മൊബൈൽ ഫോൺ മോഷ്ടാവ് തട്ടിയെടുക്കുകയായിരുന്നു. തുടർന്നുണ്ടായ പിടിവലിയിൽ ജയ്സ്വാളും മോഷ്ടാവും ട്രെയിനിൽനിന്നു പുറത്തേക്ക് വീണു.
മോഷ്ടാവ് ഓടി രക്ഷപ്പെട്ടെങ്കിലും ജയ്സ്വാളിന്റെ കാലുകൾ ട്രെയിനിനടിയിൽപ്പെട്ട് അറ്റുപോയി. ചികിത്സയിൽ തുടരുന്ന ഇദ്ദേഹത്തിന്റെ നില ഗുരുതരമാണ്. റെയിൽവേ പോലീസ് അന്വേഷണം തുടങ്ങി.