ദുരന്തമുഖത്തും സ്ത്രീകളോടു വിവേചനം?
Tuesday, September 2, 2025 2:09 AM IST
കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭൂകന്പത്തിനിരായവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളിൽ സ്ത്രീകളുടെ സാന്നിധ്യം കുറവാണെന്നു ബിബിസി റിപ്പോർട്ട് ചെയ്തു. ദുരന്തബാധിത മേഖലകളിൽ പുരുഷന്മാരെ രക്ഷപ്പെടുത്തുന്നതിനായിരിക്കാം മുൻഗണന നല്കുന്നതെന്നു സംശയമുണ്ട്.
ഏറ്റവും കൂടുതൽ മരണങ്ങളും നാശനഷ്ടവും ഉണ്ടായ കുനാർ പ്രവിശ്യ യാഥാസ്ഥിതിക നിലപാടുകൾക്കു കുപ്രസിദ്ധമാണ്. നംഗാർഹർ പ്രവിശ്യയുടെ തലസ്ഥാനമായ ജലാലാബാദിലെ ആശുപത്രികളിലാണു പരിക്കേറ്റവരെ പ്രവേശിപ്പിക്കുന്നത്. പരിക്കേറ്റ സ്ത്രീകളുണ്ടെങ്കിലും എണ്ണം വളരെ കുറവാണ്.
സാംസ്കാരികമായ കാരണങ്ങളാൽ സത്രീകൾ സഹായം സ്വീകരിക്കാൻ പുലർച്ച വരെ കാത്തിരുന്നിട്ടുണ്ടാകാമെന്നും പറയുന്നു. 2022ൽ അഫ്ഗാനിസ്ഥാനിലെ പക്തിക പ്രവിശ്യയിൽ ഭൂകന്പമുണ്ടായി രണ്ടു ദിവസം കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളുടെ എണ്ണം കുത്തനെ ഉയർന്നിരുന്നു.
താലിബാൻ ഭീകരർ ഭരണം ആരംഭിച്ചശേഷം അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ അവകാശങ്ങൾക്കു പുല്ലുവിലയാണ്. ഭൂകന്പ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുന്നവരിൽ ഒരു സ്ത്രീ പോലുമില്ല.
രക്ഷാപ്രവർത്തനം വെല്ലുവിളി
മലനിരകൾ നിറഞ്ഞ കുനാർ, നംഗാർഹർ പ്രവശ്യകളിലാണ് ഭൂകന്പം ദുരിതം വിതച്ചത്. ഏറ്റവും നല്ല കാലാവസ്ഥയുള്ള സമയത്തുപോലും ഈ പ്രവിശ്യകളിലെ ഗ്രാമപ്രദേശങ്ങളിലേക്കു യാത്ര ബുദ്ധിമുട്ടാണ്. മലനിരകളെ ചുറ്റിപ്പോകുന്ന റോഡുകൾ ചെളി നിറഞ്ഞതായിരിക്കും.
ഇവിടങ്ങളിലെ മണ്ണുകൊണ്ടു നിർമിച്ച വീടുകൾക്ക് ഭൂകന്പത്തെ പ്രതിരോധിക്കാനുള്ള ശേഷി ഒട്ടുമില്ല. അർധരാത്രിയിലെ ഭൂകന്പത്തിൽ വീടുകൾ തകർന്ന് ഒട്ടേറെപ്പേർ കുടുങ്ങിയിരിക്കാമെന്ന് അനുമാനിക്കുന്നു.
കരവഴി ദുരന്തമേഖലയിൽ എത്തിച്ചേരാനുള്ള ബുദ്ധിമുട്ട് വർധിച്ച പശ്ചാത്തലത്തിലാണ് രക്ഷാപ്രവർത്തനത്തിന് ഹെലി കോപ്റ്ററുകൾ ഉപയോഗിക്കുന്നത്.
കുനാർ, നംഗാർഹർ പ്രവിശ്യകളിലെ ചില പ്രദേശങ്ങൾ വെള്ളി, ശനി ദിവസങ്ങളിൽ പ്രളയത്തിന്റെ പിടിയിലായിരുന്നു. വ്യാപകമായി മണ്ണിടിച്ചിലും ഉണ്ടായി.