ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുന്നു: യുഎസ് വ്യാപാര ഉപദേഷ്ടാവ്
Tuesday, September 2, 2025 1:22 AM IST
ന്യൂയോർക്ക്: റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യക്കെതിരേ അമേരിക്കൻ വ്യാപാര ഉപദേഷ്ടാവ് പീറ്റർ നവാരോ. ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണെന്നും അത് നിർത്തേണ്ടതുണ്ടെന്നും നവാരോ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായിരിക്കേ ഇന്ത്യക്ക് എങ്ങനെയാണ് റഷ്യയും ചൈനയുമായി സഹകരിക്കാൻ കഴിയുന്നത്. എന്താണ് നടക്കുന്നതെന്ന് ഇന്ത്യയിലെ ജനങ്ങൾ തിരിച്ചറിയണം. ഇന്ത്യൻ ജനതയുടെ ചെലവിൽ ബ്രാഹ്മണർ ലാഭം കൊയ്യുകയാണ്. ഇത് അവസാനിപ്പിക്കേണ്ടതുണ്ടെ്- ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ നവാരോ പറഞ്ഞു.
പുടിൻ യുക്രെയ്ൻ ആക്രമിക്കുന്നതിനു മുമ്പ് റഷ്യയിൽനിന്നും ഇന്ത്യ എണ്ണ വാങ്ങുന്നതിന്റെ അളവ് കുറവായിരുന്നു. എന്നാൽ ഇതിനു ശേഷം പുടിൻ ഇന്ത്യക്ക് വലിയ കിഴിവുകൾ നൽകി. ഇതോടെ റഷ്യയിൽനിന്ന് ഇന്ത്യ വൻതോതിൽ എണ്ണ വാങ്ങി ശുദ്ധീകരിച്ച് യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ഏഷ്യയിലേക്കും കയറ്റി അയയ്ക്കുന്നു.
ധാരാളം പണം സമ്പാദിക്കുകയും ചെയ്യുന്നു. റഷ്യയുടെ യുദ്ധത്തിനുള്ള ഇന്ധനം ഈ എണ്ണയാണെന്നും നവാരോ പറയുന്നു.
നേരത്തേ യുക്രെയ്ൻ സംഘർഷത്തെ ""മോദിയുടെ യുദ്ധം’’എന്നും, ""സമാധാനത്തിലേക്കുള്ള പാത ഇന്ത്യയിലൂടെയാണു കടന്നുപോകുന്നതെന്നും’’പീറ്റർ നവാരോ പറഞ്ഞത് വിവാദമായിരുന്നു.