നൈജീരിയയിൽ മതനിന്ദ ആരോപിച്ച് സ്ത്രീയെ തീ കൊളുത്തി കൊന്നു
Tuesday, September 2, 2025 2:09 AM IST
ലാഗോസ്: മതിനിന്ദക്കുറ്റം ആരോപിച്ച് വനിതയെ തീ കൊളുത്തികൊന്നു. നൈജീരിയയിലെ വടക്കൻ സംസ്ഥാനമായ നൈജറിലായിരുന്നു ദാരുണസംഭവം. അമായേ എന്നു പേരുള്ള ഭക്ഷണവില്പനക്കാരിയാണു കൊല്ലപ്പെട്ടത്. ഇവർ ഏതു മതക്കാരി ആണെന്നതിൽ വ്യക്തതയില്ല.
പരിഹാസരൂപേണ വിവാഹാഭ്യർഥന നടത്തിയ ഒരാൾക്ക് അമായേ നല്കിയ മറുപടി പ്രവാചകനിന്ദയാണെന്ന് ആരോപിച്ച് ജനം അക്രമാസക്തമാകുകയായിരുന്നു. പോലീസ് സ്ഥലത്തെത്തുന്നതിനു മുന്പേ ഇവരെ തീകൊളുത്തി.
മുസ്ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളിൽ ശരിയത്ത് നിയമം പ്രാബല്യത്തിലുള്ള നൈജീരിയയിൽ ഇത്തരം സംഭവങ്ങൾ ആദ്യമല്ല. 2022ൽ സൊക്കോറ്റോ സംസ്ഥാനത്ത് ദബോറ സാമുവൽ എന്ന ക്രിസ്ത്യൻ കോളജ് വിദ്യാർഥിനിയെ മതനിന്ദക്കുറ്റം ആരോപിച്ച് തീ കൊളുത്തി കൊന്നിരുന്നു. കഴിഞ്ഞവർഷം ഉസ്മാൻ ബുഡാ എന്ന ഇറച്ചിവെട്ടുകാരനെ ജനം കല്ലെറിഞ്ഞു കൊന്ന സംഭവമുണ്ടായി.