ഹൂതി പ്രധാനമന്ത്രിയെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്
Saturday, August 30, 2025 1:34 AM IST
ടെൽ അവീവ്: യെമനിലെ വിമത ഹൂതി ഭരണകൂടത്തിന്റെ പ്രധാനമന്ത്രി അഹ്മദ് അൽ റഹാവിയെ ഇസ്രയേൽ വധിച്ചതായി റിപ്പോർട്ട്.
വ്യാഴാഴ്ച യെമൻ തലസ്ഥാനമായ സനായിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ റഹാവിക്കു പുറമേ ഹൂതി ഭരണകൂടത്തിലെ ഉന്നതരും കൊല്ലപ്പെട്ടുവെന്നാണ് സൂചന. ഇസ്രയേലോ ഹൂതികളോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
യെമനിലെ അൽ-ജുംഹൂരിയ ചാനൽ, ഏദൻ അൽ ഗാദ് ദിനപത്രം എന്നിവ, റഹാവിയും ഒട്ടേറെ അനുയായികളും കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്തു. 2024 ഓഗസ്റ്റിലാണ് റഹാവി പ്രധാനമന്ത്രിയായി ചുമതലയേറ്റത്.
വ്യാഴാഴ്ചതന്നെ സനായ്ക്കു പുറത്ത് ഇസ്രയേൽ നടത്തിയ മറ്റൊരു ആക്രമണത്തിൽ ഹൂതി ഭരണകൂടത്തിലെ പത്ത് ഉന്നത മന്ത്രിമാരെ ലക്ഷ്യമിട്ടിരുന്നുവെന്നും പറയുന്നു. ഈ ആക്രമണത്തിൽ ഹൂതി ഭരണകൂടം മുഴുവനോടെ തുടച്ചുനീക്കപ്പെട്ടിരിക്കാമെന്നാണു ചില ഇസ്രേലി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
പ്രതിരോധമന്ത്രി മുഹമ്മദ് നാസർ അൽ അഫാവി, ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് അൽ ഗമാരി എന്നിവരെയും ഇസ്രയേൽ ലക്ഷ്യമിട്ടു. 2016 മുതൽ പ്രതിരോധമന്ത്രിപദം വഹിക്കുന്ന അൽ അഫാവിക്ക് ഇറാനുമായും ഹിസ്ബുള്ളയുമായും അടുത്ത ബന്ധമുണ്ട്. അൽ അഫാവി കൊല്ലപ്പെട്ടിരിക്കാനാണു സാധ്യതയ. ചീഫ് ഓഫ് സ്റ്റാഫ് അൽ ഗമാരിക്കു ഗുരുതരമായി പരിക്കേറ്റു.
ഇറാന്റെ പിന്തുണയോടെ യെമനിലെ പ്രധാന ഭാഗങ്ങൾ നിയന്ത്രിക്കുന്ന ഹൂതികൾ ഗാസയിലെ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇസ്രയേലിനെയും ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെയും ആക്രമിക്കാറുണ്ട്. അമേരിക്കയും ഇസ്രയേലും ശക്തമായ തിരിച്ചടി നല്കാറുണ്ടെങ്കിലും ഹൂതികൾ ആക്രമണം തുടരുന്നതാണു പതിവ്.