ട്രംപ് കടുപ്പിച്ചുതന്നെ, ഇന്ത്യയെ പരാമർശിച്ച് നോട്ടീസ് പുറത്തിറക്കി
Wednesday, August 27, 2025 2:29 AM IST
വാഷിംഗ്ടൺ: ഇന്ത്യക്കെതിരേ പ്രഖ്യാപിച്ച 25 ശതമാനം അധിക തീരുവയടക്കം മൊത്തം 50 ശതമാനം തീരുവ നടപടിയിൽ കടുത്ത നിലപാട് തുടർന്ന് അമേരിക്ക. തീരുമാനത്തിൽ മാറ്റമില്ലെന്നു വ്യക്തമാക്കി ഇന്ത്യയെ പരാമർശിച്ച് അമേരിക്ക നോട്ടീസും പുറത്തിറക്കി.
ഇന്ത്യയിൽനിന്നുള്ള ഉത്പന്നങ്ങൾക്കു ട്രംപ് പ്രഖ്യാപിച്ച അധിക തീരുവ ഇന്ന് അർധരാത്രി പ്രാബല്യത്തിൽ വരുമെന്നാണ് നോട്ടീസിൽ പറയുന്നത്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വകുപ്പാണ് നോട്ടീസ് പുറത്തിറക്കിയത്.
റഷ്യ-യുക്രെയ്ൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടിയുമാണ് ഈ തീരുവ നടപടിയെന്ന് നോട്ടീസ് വ്യക്തമാക്കിയിട്ടുണ്ട്.
ട്രംപ് ഭരണകൂടത്തെ സ്വാധീനിച്ച് അധിക തീരുവ പിൻവലിപ്പിക്കാൻ ഇന്ത്യ വാഷിംഗ്ടണിൽ രണ്ട് സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയതായി റിപ്പോർട്ടുണ്ട്.