ഏഴു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിന്റെ ലൈംഗികശേഷി ഇല്ലാതാക്കും
Friday, August 22, 2025 3:42 AM IST
വാഷിംഗ്ടൺ ഡിസി: ഏഴു വയസുകാരിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചയാളുടെ ലൈംഗികശേഷി നിർവീര്യമാക്കാൻ കോടതി ഉത്തരവ്.
തോമസ് അല്ലൻ മക്കാർട്ട്നി എന്ന മുപ്പത്തിയേഴുകാരനെ ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയം ഷണ്ഡനാക്കണം എന്നാണ് അമേരിക്കയിലെ ലൂയീസിയാനയിലുള്ള കോടതി വിധിച്ചത്. ഇതിനു പുറമേ 40 വർഷം ജയിൽശിക്ഷ അനുഭവിക്കുകയും വേണം.
2023ൽ ഏഴുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണു മക്കാർട്ട്നി അറസ്റ്റിലായത്. സമാന കുറ്റങ്ങൾക്ക് മുന്‍പും അറസ്റ്റിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്തിട്ടുള്ള ഇയാളെ കടുത്ത ബാലപീഡകനായി മുദ്രകുത്തിയിരുന്നു.
ശസ്ത്രക്രിയയിലൂടെയും മരുന്നുകളിലൂടെയും പ്രതിയുടെ ലൈംഗികശേഷി ഇല്ലാതാക്കാൻ നിർദേശിക്കുന്ന അപൂർവ കോടതിവിധിയാണിത്. ശസ്ത്രക്രിയയിലൂടെ വൃഷണങ്ങൾ നീക്കം ചെയ്തും ലൈംഗികാഭിനിവേശം തടയുന്ന മരുന്നുകൾ നല്‍കിയുമാണു ശിക്ഷ നടപ്പാക്കുക.