വിക്രം മിസ്രി നേപ്പാൾ നേതാക്കളുമായി ചർച്ചകൾ നടത്തി
Monday, August 18, 2025 1:03 AM IST
കാഠ്മണ്ഡു: ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി, പ്രസിഡന്റ് രാമചന്ദ്ര പൗഡെൽ എന്നിവരുമായി ചർച്ച നടത്തി. വിവിധ മേഖലകളിൽ ഇരുരാജ്യങ്ങൾ തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനെ സംബന്ധിച്ചുള്ള ചർച്ചകളാണ് നടന്നത്. നേപ്പാൾ വിദേശകാര്യ സെക്രട്ടറി അമൃത് ബഹദൂർ റായിയുടെ ക്ഷണം സ്വീകരിച്ചാണ് രണ്ടു ദിവസത്തെ സന്ദർശനത്തിന് മിസ്രി എത്തിയത്.
സിംഗ്ദർബാറിലെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചർച്ചയിൽ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവയും പങ്കെടുത്തു. രാജ്യത്തെ പ്രധാന രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളെയും മിശ്രി സന്ദർശിക്കും. അടുത്ത മാസം പ്രധാനമന്ത്രി ഒലിയുടെ ഡൽഹി സന്ദർശനത്തിന് വഴിയൊരുക്കാനാണ് മിശ്രിയുടെ യാത്രയെന്നു കരുതപ്പെടുന്നു.