സെലൻസ്കി ഇന്ന് ട്രംപിനെ കാണും
Monday, August 18, 2025 1:03 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, റഷ്യൻ പ്രസിഡന്റ് പുടിൻ എന്നിവരുമായുള്ള ത്രികക്ഷി ഉച്ചകോടി വെള്ളിയാഴ്ച നടത്താൻ യുഎസ് പ്രസിഡന്റ് ട്രംപ് പദ്ധതിയിടു ന്നതായി റിപ്പോർട്ട്. ഇന്ന് വാഷിംഗ്ടൺ സിഡിയിൽ സെലൻസ്കിയുമായി നടത്തുന്ന കൂടിക്കാഴ്ചയുടെ ഫലം അനുസരിച്ചായിരിക്കും ട്രംപ് ഇക്കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും അമേരിക്കൻ മാധ്യമങ്ങൾ പറയുന്നു.
വെള്ളിയാഴ്ച അലാസ്കയിൽ നടന്ന ട്രംപ്-പുടിൻ ഉച്ചകോടിയുടെ തുടർച്ചയായാണ് സെലൻസ്കി ഇന്ന് വൈറ്റ്ഹൗസിലെത്തുന്നത്. അലാസ്കയിൽനിന്നു മടങ്ങവേ സെലൻസ്കിയെയും യൂറോപ്യൻ നേതാക്കളെയും ഫോണിൽ ബന്ധപ്പെട്ട ട്രംപ് ത്രികക്ഷി ഉച്ചകോടിയുടെ സാധ്യത സൂചിപ്പിച്ചിരുന്നു. എത്രയും വേഗം ത്രികക്ഷി ഉച്ചകോടി നടത്താനാണു ട്രംപിന്റെ നീക്കമെന്ന് അമേരിക്കയിലെ സിഎൻഎൻ, ആക്സിയോസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
താത്കാലിക വെടിനിർത്തലിനു പകരം സ്ഥിരമായി യുദ്ധം അവസാനിപ്പിക്കുന്ന സമാധാന കരാർ ഉണ്ടാക്കണം എന്നതിൽ പുടിനും താനും ഏകാഭിപ്രായം പ്രകടിപ്പിച്ചുവെന്നാണ് ഉച്ചകോടിക്കു ശേഷം ട്രംപ് അറിയിച്ചത്. റഷ്യ വൻശക്തിയാണെന്നും യുദ്ധം അവസാനിപ്പിക്കുന്നതിനു കരാറുണ്ടാക്കാൻ യുക്രെയ്ൻ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
യുക്രെയ്ൻ ഭൂമി റഷ്യക്കു വിട്ടുകൊടുക്കുന്ന കാര്യവും അലാസ്ക ഉച്ചകോടിയിൽ ചർച്ചയായെന്നാണു റിപ്പോർട്ട്. ഇന്ന് ട്രംപിനെ കാണുന്ന സെലൻസ്കി ഇക്കാര്യത്തിൽ എന്തഭിപ്രായം പറയും എന്നതിൽ വ്യക്തതയില്ല. യുക്രെയ്ൻ ഭൂമി വിട്ടുകൊടുക്കില്ലെന്നാണ് അദ്ദേഹം ഇതുവരെ പറഞ്ഞിട്ടുള്ളത്.
സെലൻസ്കി-ട്രംപ്-പുടിൻ ഉച്ചകോടിക്ക് യൂറോപ്യൻ നേതാക്കൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
സെലൻസ്കിക്കൊപ്പം യൂറോപ്യൻ നേതാക്കൾ
സെലൻസ്കിയും ട്രംപും തമ്മിൽ ഇന്നു വൈറ്റ്ഹൗസിൽ നടത്തുന്ന കൂടിക്കാഴ്ചയിൽ യൂറോപ്യൻ നേതാക്കളും പങ്കാളികളാകും.
ബ്രിട്ടീഷ് പ്രധാനമന്ത്രി കീയർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർസ്, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല ഫോൺ ദെർ ലെയ്ൻ എന്നിവരാണ് ഉണ്ടാകുക. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയിലേക്കു യൂറോപ്യൻ നേതാക്കളെയും ട്രംപ് ക്ഷണിച്ചിരുന്നു.