ഇസ്രയേൽ സംഘർഷം: ഇറാനിൽ കൂട്ട അറസ്റ്റ്
Wednesday, August 13, 2025 2:16 AM IST
ടെഹ്റാൻ: ഇസ്രയേലുമായുള്ള സംഘർഷത്തിനിടെ ചാരവൃത്തിയുൾപ്പെടെ ആരോപിച്ച് 21,000 പേരെ അറസ്റ്റ് ചെയ്തതായി ഇറാൻ. പോലീസ് വക്താവ് ജനറൽ സയീദ് മൊന്റസെറൽ മഹ്ദിയെ ഉദ്ധരിച്ച് ദേശീയ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല. 260 പേരെ ചാരവൃത്തി ആരോപിച്ചും 172 പേരെ നിയമവിരുദ്ധമായി വീഡിയോ പകർത്തിയതിനുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഇസ്രയേലിനുവേണ്ടി ചാരവൃത്തി നടത്തിയതിന് ജൂൺ ഏഴ് മുതൽ ഇതുവരെ ഏഴ് പേരെ ഇറാൻ വധശിക്ഷയ്ക്കു വിധേയരാക്കി. ഇനിയും കൂടുതൽ പേരെ വധശിക്ഷയ്ക്കു വിധേയരാക്കുമോയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആശങ്കപ്പെടുന്നുണ്ട്.