ഇന്ത്യക്കു തീരുവ ചുമത്തിയത് റഷ്യക്കു തിരിച്ചടി: ട്രംപ്
Wednesday, August 13, 2025 2:16 AM IST
വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യക്കുമേൽ തീരുവ ചുമത്തിയത് മോസ്കോയുടെ സമ്പദ്വ്യവസ്ഥയ്ക്കു വലിയ തിരിച്ചടിയാകുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്ന ഏറ്റവും വലിയ അല്ലെങ്കിൽ രണ്ടാമത്തെ വലിയ രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. നിരവധി രാജ്യങ്ങൾക്കുമേൽ യുഎസ് തീരുവ ചുമത്തിയതിനാൽ ആഗോള സമ്മർദങ്ങൾ റഷ്യയുടെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ട്രംപ് അവകാശപ്പെട്ടു.
“റഷ്യ വലിയൊരു രാജ്യമാണ്. വലിയ മാറ്റം കൊണ്ടുവരാനുള്ള ശേഷി അവർക്കുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ അവർക്ക് ഒന്നും ചെയ്യാനാകുന്നില്ല. റഷ്യൻ എണ്ണ വാങ്ങിയാൽ 50 ശതമാനം തീരുവ ചുമത്തുമെന്ന് അവരുടെ ഏറ്റവും വലിയ രണ്ടാമത്തെ ബിസിനസ് പങ്കാളിയോടു പറഞ്ഞിട്ടുണ്ട്. അത് റഷ്യക്ക് വലിയ തിരിച്ചടിയാണ്. ഇതുകൊണ്ടും അവസാനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല”-ട്രംപ് പറഞ്ഞു.
എന്നാൽ, തുടർനടപടികൾ വ്യക്തമാക്കാൻ ട്രംപ് തയാറായില്ല. ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് ട്രംപ് വീണ്ടും അവകാശപ്പെട്ടു. വൈറ്റ് ഹൗസിലെ തന്റെ രണ്ടാമൂഴത്തിൽ ഇതുവരെ അഞ്ച് യുദ്ധങ്ങൾ പരിഹരിച്ചതായും അദ്ദേഹം പറഞ്ഞു.