വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരെ ട്രംപ് പുറത്താക്കുന്നു
Tuesday, August 12, 2025 2:08 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതർ സ്ഥലംവിടണമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നഗരത്തിലെ കുറ്റകൃത്യനിരക്ക് താഴ്തത്താൻ വേണ്ടിയാണത്രേ നടപടി.
വാഷിംഗ്ടൺ ഡിസിയെ സുരക്ഷിതവും മനോഹരവുമാക്കാനായി സൈനിക വിഭാഗമായ നാഷണൽ ഗാർഡ്സിനെ വിന്യസിക്കുമെന്ന് ട്രംപ് അറിയിച്ചു. നഗരം അക്രമി സംഘങ്ങളുടെ പിടിയിലാണ്. ലോകത്തിൽ ഏറ്റവും കൂടുതൽ കൊലപാതകങ്ങൾ നടക്കുന്ന സ്ഥലങ്ങളിലൊന്നാണ് വാഷിംഗ്ടൺ ഡിസിയെന്നും അദ്ദേഹം പറഞ്ഞു.
ടെന്റുകളിലും മറ്റും താമസിക്കുന്ന ഭവനരഹിതർക്കു പുതിയ അഭയസ്ഥലം നല്കുമെന്നാണ് ട്രംപിന്റെ വാഗ്ദാനം.
അതേസമയം, നഗരത്തിലെ കുറ്റകൃത്യനിരക്ക് കുറഞ്ഞുവരുന്നതായി മേയർ മുറിയേൽ ബൗസർ ചൂണ്ടിക്കാട്ടി.
കാർ മോഷണശ്രമത്തിനിടെ ഒരു മുൻ സർക്കാർ ജീവനക്കാരനു ഗുരുതരമായി പരിക്കേറ്റതിനെത്തുടർന്നാണു ട്രംപ് വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരെ ലക്ഷ്യമിടാൻ തുടങ്ങിയത്. കുറ്റകൃത്യങ്ങൾ തടയാൻവേണ്ടി എഫ്ബിഐ അടക്കമുള്ള ഫെഡറൽ ഏജൻസി ഉദ്യോഗസ്ഥരെ നഗരത്തിൽ വിന്യസിക്കാനുള്ള ഉത്തരവ് അദ്ദേഹം വെള്ളിയാഴ്ച നല്കിയിരുന്നു.