അർമേനിയ-അസർബൈജാൻ സമാധാന കരാറിനെ സ്വാഗതം ചെയ്ത് മാർപാപ്പ
Monday, August 11, 2025 1:45 AM IST
വത്തിക്കാൻ സിറ്റി: അർമേനിയയും അസർബൈജനും തമ്മിലുള്ള സമാധാന കരാറിനെ പുകഴ്ത്തി ലെയോ പതിനാലാമൻ മാർപാപ്പ. ഇതേ രീതിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സംഘർഷത്തിന് അറുതി വരുത്താൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് മാർപാപ്പ അഭ്യർഥിച്ചു. ഹെയ്തിയിൽ അക്രമം തുടരുന്നതിൽ അതിയായ ദുഃഖമുണ്ടെന്നും എല്ലാ യുദ്ധങ്ങളും അവസാനിക്കാൻ നമുക്ക് പ്രാർഥന തുടരാമെന്നും ഇന്നലെ വത്തിക്കാനിൽ ത്രികാല പ്രാർഥനയ്ക്കുശേഷം നൽകിയ സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
ഹിരോഷിമ-നാഗസാക്കി അണുബോംബ് ആക്രമണത്തിന്റെ 80ാം വാർഷികത്തെക്കുറിച്ചു സംസാരിക്കവേ, പ്രശ്നങ്ങൾക്കു പരിഹാരം യുദ്ധമല്ലെന്ന ബോധ്യത്തിലേക്ക് ഈ സംഭവം ലോകത്തെ എത്തിച്ചിരുന്നുവെന്നും തങ്ങളുടെ തീരുമാനങ്ങൾ ജനജീവിതത്തിൽ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ അധികാരസ്ഥാനങ്ങളിലുള്ളവർ ഒരിക്കലും മറക്കരുതെന്നും മാർപാപ്പ പറഞ്ഞു. സമാധാനത്തിനായുള്ള ആഹ്വാനവും ദുർബലരുടെ നിലവിളികളും നേതാക്കൾ കേൾക്കാതെപോകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാഗോർണോ-കരാബാക് പ്രദേശത്തെച്ചൊല്ലി 35 വർഷമായി സംഘർഷത്തിലായിരുന്ന അർമേനിയയും അസർബൈജാനും യുഎസ് പ്രസിഡന്റ് ട്രംപിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ സമാധാനകരാറിൽ കഴിഞ്ഞദിവസമാണ് ഒപ്പുവച്ചത്. വാഷിംഗ്ടൺ ഡിസിയിൽ നടന്ന ചടങ്ങിൽ ഇരുനേതാക്കളും ട്രംപിന്റെ മുന്നിൽ ഹസ്തദാനം ചെയ്യുകയും ഇനി ഏറ്റുമുട്ടില്ലെന്നു പ്രഖ്യാപിക്കുകയും ചെയ്തു.
യുദ്ധവും രക്തച്ചൊരിച്ചിലും മൂലം ഒട്ടേറെ വർഷങ്ങൾ നഷ്ടപ്പെട്ടുവെന്ന് അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് പറഞ്ഞപ്പോൾ സമാധാനത്തിന്റെ നാഴികക്കല്ലാണു കരാറെന്ന് അർമേനിയൻ പ്രധാനമന്ത്രി നിക്കോൾ പഷ്നിയാൻ പറഞ്ഞു. നയതന്ത്രബന്ധവും വാണിജ്യവും പുനഃസ്ഥാപിക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചിട്ടുണ്ട്.