രോ-കോ, ഇനി കാണില്ല!
Monday, August 11, 2025 2:48 AM IST
ന്യൂഡൽഹി: ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്ന് വിരമിച്ചതോടെ നിലവിൽ ഇന്ത്യൻ ആരാധകർക്ക് ഏകദിനത്തിൽമാത്രം കാണാൻ അവസരമുള്ള വിരാട് കോഹ്ലി, രോഹിത് ശർമ എന്നീ സൂപ്പർതാരങ്ങൾ പൂർണമായും കളമൊഴിയുന്നു. ഒക്ടോബറിൽ ഓസ്ട്രേലിയയ്ക്കെതിരേ നടക്കുന്ന ഏകദിന പരന്പരയോടെ ഇരുവരും രാജ്യാന്തര ക്രിക്കറ്റിൽനിന്ന് പൂർണമായും വിരമിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്.
2027ലെ ഏകദിന ലോകകപ്പ് ലക്ഷ്യംവച്ചാണ് ഏകദിനത്തിൽ തുടരാൻ ഇരുവരും തീരുമാനിച്ചത്. എന്നാൽ ഇരുവരും ഇന്ത്യയുടെ ലോകകപ്പ് പദ്ധതികളുടെ ഭാഗമല്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2027ൽ നടക്കുന്ന ഏകദിന ലോകകപ്പിനുള്ള ടീമിലേക്ക് ബിസിസിഐ ഇരുവരെയും പ്രതീക്ഷിക്കുന്നില്ലെന്ന് ഒരു പ്രമുഖ ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര ക്രിക്കറ്റിൽ കളിക്കണം
2027 ലോകകപ്പിൽ കളിക്കാൻ ഇവരും ആഗ്രഹിക്കുന്നപക്ഷം, ആഭ്യന്തര ക്രിക്കറ്റിൽ വിജയ് ഹസാരെ ട്രോഫിയിൽ കളിക്കേണ്ടി വരുമെന്നും റിപ്പോർട്ടുണ്ട്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രധാന ഏകദിന ടൂർണമെന്റായ വിജയ് ഹസാരെ ട്രോഫി, ഈ വർഷം ഡിസംബറിലാണ് നടക്കുക. അതേസമയം കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിന്റെ ഭാഗമാകാൻ ഇരുവരും ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തെരഞ്ഞെടുക്കാൻ സാധ്യതയില്ലെന്ന് സെലക്ടർമാർ അറിയിച്ചതോടെയാണ് ഇരുവരും ടെസ്റ്റ് ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും റിപ്പോർട്ടിലുണ്ട്.
ഇംഗ്ലണ്ടിനെതിരായ പരന്പരയ്ക്കു മുന്നോടിയായി കോഹ്ലിയും രോഹിത്തും ഉൾപ്പെടെയുള്ള താരങ്ങൾ രഞ്ജി ട്രോഫിയിൽ കളിക്കാൻ നിർബന്ധിതരായിരുന്നു. ഇതേത്തുടർന്ന് രോഹിത് മുംബൈയ്ക്കായും കോഹ്ലി ഡൽഹിക്കായും ദീർഘകാലത്തെ ഇടവേളയ്ക്കു ശേഷം രഞ്ജി കളിക്കാനിറങ്ങി.
എന്നാൽ, ഇതിനു പിന്നാലെ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീം പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഇരുവരും ടെസ്റ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിക്കുകയും ചെയ്തു.
യുവതാരങ്ങളുമായി തുടരും
ഇംഗ്ലണ്ട് പരന്പരയിൽ ഇന്ത്യയെ നയിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ മികവ് ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യയുടെ എല്ലാ ഫോർമാറ്റിലെയും ക്യാപ്റ്റനെന്ന നിലയിലെ സെലക്ഷൻ കമ്മിറ്റിയുടെ വിശ്വാസത്തെ ശക്തിപ്പെടുത്തിയിട്ടുണ്ട്. നിരവധി യുവതാരങ്ങളും ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുന്നതിനാൽ 2027 ലോകകപ്പിന് യുവതാരങ്ങളുമായിത്തന്നെ തുടരാനാണ് സെലക്ടർമാരുടെ നീക്കം.
അതേസമയം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനത്തിലെ ഏകദിന മത്സരങ്ങൾ ഒക്ടോബർ 19നാണ് ആരംഭിക്കുക. പെർത്ത്, അഡ്ലെയ്ഡ്, സിഡ്നി എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. ഇതിനു ശേഷം ഡിസംബറിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരേ നാട്ടിലാണ് അടുത്ത ഏകദിന പരന്പര. 2026ൽ ന്യൂസിലൻഡ് (ജനുവരി), അഫ്ഗാനിസ്ഥാൻ (ജൂണ്), ഇംഗ്ലണ്ട് (ജൂലൈ), വെസ്റ്റിൻഡീസ് (സെപ്റ്റംബർ), ന്യൂസിലൻഡ് (ഒക്ടോബർ) എന്നീ ടീമുകൾക്കെതിരേയും ഇന്ത്യ ഏകദിന പരന്പര കളിക്കുന്നുണ്ട്.