ക്യാപ്റ്റൻ ഗിൽതന്നെ
Thursday, August 7, 2025 11:02 PM IST
ബംഗളൂരു: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിൽ ഇന്ത്യയെ 2-2 സമനിലയിൽ എത്തിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനു പുതിയ ദൗത്യം. ദുലീപ് ട്രോഫിയിൽ നോർത്ത് സോണ്‍ ടീമിനെ നയിക്കുന്നത് 25കാരനായ ശുഭ്മാൻ ഗിൽ.
അർഷ്ദീപ് സിംഗ്, ഹർഷിത് റാണ, അൻഷുൽ കാംബോജ് എന്നിവരടങ്ങുന്ന താരനിരയാണ് നോർത്ത് സോണിന്റെ 15 അംഗ ടീമിലുള്ളത്. ഓഗസ്റ്റ് 28ന് ബംഗളൂരുവിലാണ് ടൂർണമെന്റ് ആരംഭിക്കുക. ഇംഗ്ലണ്ടിൽ അഞ്ച് ടെസ്റ്റിൽനിന്ന് 75.4 ശരാശരിയിൽ 754 റണ്‍സ് ഗിൽ നേടിയിരുന്നു. ഇന്ത്യയുടെ ക്യാപ്റ്റനായുള്ള ഗില്ലിന്റെ അരങ്ങേറ്റ പരന്പരയായിരുന്നു അത്.
ദുലീപ് ട്രോഫി സെപ്റ്റംബർ 15ന് അവസാനിക്കും. അതേസമയം, യുഎഇയിൽ സെപ്റ്റംബർ ഒന്‍പതിന് ഏഷ്യ കപ്പ് ആരംഭിക്കും. അർഷ്ദീപ് സിംഗും ഗില്ലുമടക്കം ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ സാധ്യതയുണ്ടെന്നിരിക്കേ ഇവർക്ക് ദുലീപ് ട്രോഫി പാതിയിൽ അവസാനിപ്പിക്കേണ്ടി വന്നേക്കാം. ഇതുവരെ 10 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ ഗിൽ ടീമിനെ നയിച്ചിട്ടുണ്ട്.