മാര്‍ത്ത വന്നു; കോപ്പ കാനറിക്ക്
Monday, August 4, 2025 1:46 AM IST
ക്വിറ്റോ (ഇക്വഡോര്‍): വിരമിക്കലില്നിന്നു തിരിച്ചെത്തിയ മാര്ത്തയിലൂടെ, 2025 കോപ്പ അമേരിക്ക വനിതാ ട്രോഫി ബ്രസീല്‍ സ്വന്തമാക്കി. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട പോരാട്ടത്തില്‍ 5-4നു കൊളംബിയയെ കീഴടക്കിയാണ് ബ്രസീല്‍ വനിതകള്‍ കോപ്പ ട്രോഫിയില്‍ ചുംബിച്ചത്.
കാനറികളുടെ ഒമ്പതാമത്തെയും മാര്‍ത്തയുടെ നാലാമത്തെയും കോപ്പ അമേരിക്ക ഫെമെനിന ട്രോഫിയാണ്. 2003, 2010, 2018 എഡിഷനുകളിലാണ് മാര്‍ത്ത മുമ്പ് ബ്രസീലിനൊപ്പം കോപ്പയില്‍ മുത്തംവച്ചത്.
2024 പാരീസ് ഒളിമ്പിക്സിനു പിന്നാലെ രാജ്യാന്തര ഫുട്ബോളില്‍നിന്ന് മാര്‍ത്ത വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2025 കോപ്പയ്ക്കുവേണ്ടി മേയില്‍ മാര്‍ത്ത ദേശീയ ടീമിലേക്കു തിരിച്ചെത്തി.
ഡബിളടിച്ച് സബ് മാര്‍ത്ത
82-ാം മിനിറ്റില്‍ സബ്സ്റ്റിറ്റ്യൂട്ടായാണ് 39കാരിയായ മാര്‍ത്ത കളത്തില്‍ എത്തിയത്. ഇരുടീമും രണ്ടു ഗോള്‍ വീതം നേടി 2-2 സമനിലയില്‍ ആയിരുന്നു അപ്പോള്‍. 88-ാം മിനിറ്റില്‍ കൊളംബിയ 3-2ന്റെ ലീഡ് നേടി.
എന്നാല്‍, ബ്രസീലിനെ രക്ഷിച്ച് ഇഞ്ചുറി ടൈമില്‍ (90+6’) മാര്‍ത്തയുടെ ഗോളെത്തി. അതോടെ മത്സരം അധിക സമയത്തേക്ക്. 105-ാം മിനിറ്റില്‍ ബ്രസീലിനു ലീഡ് നല്കി മാര്‍ത്തയുടെ രണ്ടാം ഗോള്‍. എന്നാല്‍, 115-ാം മിനിറ്റില്‍ കൊളംബിയ വീണ്ടും ഒപ്പമെത്തി. ഷൂട്ടൗട്ടില്‍ ബ്രസീലിന്റെ അഞ്ചാം കിക്കെടുത്ത മാര്‍ത്തയ്ക്കു പിഴച്ചു. തുടര്‍ന്ന് ഏഴാം കിക്കിലാണ് ബ്രസീല്‍ 5-4ന്റെ ജയം സ്വന്തമാക്കിയത്.