“ഞങ്ങളെ പഠിപ്പിക്കേണ്ട”; ഗംഭീര വാക്പോര്!
Wednesday, July 30, 2025 2:29 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരന്പരയിലെ അവസാനത്തേതും നിർണായകവുമായ മത്സരത്തിന് ഒരുങ്ങുകയാണ് ടീം ഇന്ത്യ. ഇംഗ്ലണ്ടിലെ ഓവലിൽ ജൂലൈ 31നാണ് മത്സരം തുടങ്ങുന്നത്. മത്സരത്തിനു മുന്പേ ഓവലിലെ ക്യുറേറ്ററും ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറും തമ്മിൽ രൂക്ഷമായ വാക്പോര്.
മാഞ്ചസ്റ്റർ ടെസ്റ്റ് പൂർത്തിയായതിനു പിന്നാലെ ഇന്ത്യൻ ടീമംഗങ്ങൾ തിങ്കളാഴ്ചയാണ് ലണ്ടനിലെത്തിയത്. ഇന്നലെ ഇന്ത്യൻ ടീം പരിശീലനം നടത്താനും ധാരണയായിരുന്നു. ഇതിനിടെയായിരുന്നു ക്യുറേറ്റർ ലീ ഫോർട്ടിസും ഗംഭീറും തമ്മിൽ കോർത്തത്.
അഞ്ചു മത്സരങ്ങളടങ്ങിയ പരന്പരയിൽ 1-2ന് പിടിച്ചുനിൽക്കുന്ന ശുഭ്മൻ ഗില്ലിനും സംഘത്തിനും ഓവലിൽ ജയിച്ചാൽ 2-2ന് പരന്പര സമനിലയാക്കാമെന്ന സ്ഥിതിയാണ്. സന്ദർശക ടീമിന് ഓവലിൽ ഒരുക്കിയ സംവിധാനങ്ങളിലെ അതൃപ്തിയാണ് ഗംഭീർ വൈകാരികമായി പ്രതികരിക്കാൻ കാരണമെന്നാണ് വിവരം.
ഗ്രൗണ്ട് സ്റ്റാഫുമായി ഗംഭീർ രൂക്ഷമായ ഭാഷയിൽ തർക്കിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇന്ത്യൻ സഹപരിശീലകരും ക്യുറേറ്ററും തമ്മിലാണ് ആദ്യം തർക്കമുണ്ടായതെന്നും ഗംഭീർ ഇതിൽ ഇടപെടുകയായിരുന്നുവെന്നുമാണ് റിപ്പോർട്ട്.
“എന്താണ് ചെയ്യേണ്ടതെന്ന് നിങ്ങൾ ഞങ്ങളെ പഠിപ്പിക്കേണ്ട’’ എന്നു പറഞ്ഞാണ് ഗംഭീർ ഓവലിലെ ക്യുറേറ്ററോട് കുപിതനായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കൈവിട്ടുപോകുമെന്ന ഘട്ടത്തിലെത്തിയതോടെ, ഇന്ത്യൻ പരിശീലകസംഘത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഇടപെട്ടാണ് ഗംഭീറിനെ ശാന്തനാക്കിയത്.
വാക്കുതർക്കത്തിനിടെ, ഗംഭീറിനെതിരേ ഔദ്യോഗികമായി പരാതി നൽകുമെന്ന് ഗ്രൗണ്ട് സ്റ്റാഫ് ഭീഷണി മുഴക്കിയതും അദ്ദേഹത്തെ ചൊടിപ്പിച്ചു. “ ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്. പക്ഷേ, ഞങ്ങൾ എന്തു ചെയ്യണമെന്ന് പഠിപ്പിക്കാൻ വരേണ്ട’’- ഗംഭീർ തുറന്നടിച്ചു.
നേരത്തേ മാഞ്ചസ്റ്റർ ടെസ്റ്റിൽ സമനിലയ്ക്ക് സമ്മതിക്കാതെ ബാറ്റിംഗ് തുടർന്ന രവീന്ദ്ര ജഡേജയെയും വാഷിംഗ്ടണ് സുന്ദറിനെയും ന്യായീകരിച്ചും ഗംഭീർ രംഗത്തെത്തിയിരുന്നു. ഇരുവരും അർഹിച്ച സെഞ്ചുറിയാണ് ഓൾഡ് ട്രാഫഡിൽ കുറിച്ചതെന്ന് ഗംഭീർ ചൂണ്ടിക്കാട്ടി.