ബുംറ കളിക്കും
Wednesday, July 30, 2025 2:29 AM IST
ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിലും ജസ്പ്രീത് ബുംറ കളിച്ചേക്കും. ബുംറ അടക്കം എല്ലാ ബൗളർമാരും ഓവൽ ടെസ്റ്റിനു ലഭ്യമാണെന്ന് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ പറഞ്ഞു.
ബുംറ മൂന്ന് ടെസ്റ്റിലേ കളിക്കൂ എന്നാണ് പരന്പര തുടങ്ങുംമുന്പ് ടീം മാനേജ്മെന്റ് വ്യക്തമാക്കിയത്. ആദ്യ നാല് ടെസ്റ്റുകളിൽ മൂന്നിലും ബുംറ കളിച്ചു.
മത്സരങ്ങൾക്കിടെ ആവശ്യത്തിന് വിശ്രമം കിട്ടുന്നതിനാൽ ഓവലിലും ബുംറ കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലഭ്യമായ ഏറ്റവും മികച്ച ടീമിനെ ഓവലിൽ മത്സരത്തിനിറക്കുമെന്നും ഗംഭീർ വ്യക്തമാക്കി. പരന്പരയിലെ മൂന്ന് ടെസ്റ്റിൽനിന്ന് ബുംറ 14 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.
അതേസമയം നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ കാൽപാദത്തിനു പരിക്കേറ്റ ഋഷഭ് പന്ത് അടുത്ത മത്സരത്തിൽ കളിക്കില്ലെന്നത് ഇന്ത്യക്ക് തിരിച്ചടിയാണ്. പരിക്കിനെത്തുടർന്നുള്ള വേദന കടിച്ചമർത്തി ബാറ്റുചെയ്ത പന്ത് അർധസെഞ്ചുറി നേടിയിരുന്നു.
മാഞ്ചസ്റ്ററിലെ വീരോചിത സമനിലയുടെ ആവേശത്തിലാണ് ടീം ഇന്ത്യ അഞ്ചാം അങ്കത്തിനിറങ്ങുന്നത്.