വനിതാ യൂറോ കപ്പ്; വീണ്ടും ഇംഗ്ലീഷാരവം
Tuesday, July 29, 2025 3:24 AM IST
ലാസിയ: യുവേഫ വനിതാ യൂറോ കപ്പ് കിരീടം നിലനിർത്തി ഇംഗ്ലണ്ട്. സെന്റ് ജേക്കബ് പാർക്കിൽ അധികസമയത്തേക്കും പെനാൽറ്റി ഷൂട്ടൗട്ടിലേക്കും നീണ്ട പോരാട്ടത്തിൽ ശക്തരായ സ്പെയിനിനെ കീഴടക്കിയാണ് ഇംഗ്ലണ്ട് കിരീടം ചൂടിയത്.
നിശ്ചിത സമയത്ത് മത്സരം 1-1 എന്ന നിലയിലായിരുന്നു. തുടർന്ന് ഷൂട്ടൗട്ടിൽ 3-1നാണ് ഇംഗ്ലണ്ട് സ്പെയിനിനെ പരാജയപ്പെടുത്തിയത്.
തുല്യശക്തികളുടെ പോരാട്ടത്തിനാണ് ഫൈനൽ സാക്ഷ്യംവഹിച്ചത്. 25-ാം മിനിറ്റിൽ മനിയാന കാൽഡെന്റിയിലൂടെ സ്പെയ്ൻ മുന്പിലെത്തി.
പ്രതിരോധ താരം ഒന ബാറ്റിലിന്റെ അസിസ്റ്റിലാണ് താരം ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ 57-ാം മിനിറ്റിലാണ് അലസിയ റൂസോയിലൂടെ ഇംഗ്ലിഷ് ടീം തിരിച്ചടിച്ചത്.
തുടർന്ന് ഇരുവരും ലീഡിനായി പൊരുതിയെങ്കിലും നിശ്ചിത സമയത്തും എക്സ്ട്രാ ടൈമിലും തുല്യത പാലിച്ചതോടെ മത്സരം പെനാൽട്ടി ഷൂട്ട്ഒൗട്ടിലേക്ക് നീങ്ങുകയായിരുന്നു.