സീനിയർ അത്ലറ്റിക് മീറ്റ് ; പാലക്കാട് ഓവറോൾ ചാമ്പ്യൻ
Wednesday, July 23, 2025 1:14 AM IST
തോമസ് വർഗീസ്
തിരുവനന്തപുരം: മൂന്നര പതിറ്റാണ്ട് പഴക്കമുള്ള റിക്കാർഡ് തിരുത്തി ജിഷ്ണു പ്രസാദ്. സീനിയർ പുരുഷൻമാരുടെ 200 മീറ്ററിൽ 1988ൽ കൊല്ലത്തിന്റെ നജീബ് മുഹമ്മദ് സ്ഥാപിച്ച 21.40 സെക്കൻഡ് എന്ന സമയം 21.38 ആക്കിയാണ് പാലക്കാട്ടുനിന്നുള്ള ജിഷ്ണു സംസ്ഥാന സീനിയർ മീറ്റിൽ റിക്കാർഡ് ബുക്കിൽ ഇടംപിടിച്ചത്.
ഇത് മീറ്റിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി. ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന മീറ്റിൽ ട്രാക്കിലും ഫീൽഡിലും ആദ്യദിനത്തെ ആധിപത്യം രണ്ടാം ദിനവും നിലനിർത്തിയപ്പോൾ പാലക്കാട് ചാമ്പ്യൻമാരായി. 168 പോയിന്റുമായാണ് പാലക്കാട് കിരീടത്തിൽ മുത്തമിട്ടത്. 152 പോയിന്റുമായി കോട്ടയം റണ്ണേഴ്സ് അപ്പായി. 142.5 പോയിന്റുമായി എറണാകുളമാണ് മൂന്നാംസ്ഥാനത്തെത്തിയത്.
പുരുഷ വിഭാഗത്തിലെ ശക്തമായ മുന്നേറ്റമാണ് പാലക്കാടിന് കിരീടം സമ്മാനിച്ചത്. അഞ്ചു സ്വർണവും അഞ്ചു വെള്ളിയും മൂന്നു വെങ്കലവും ഉൾപ്പെടെ 92 പോയിന്റ് സ്വന്തമാക്കി പാലക്കാട് തന്നെയാണ് പുരുഷ വിഭാഗത്തിലും ചാമ്പ്യൻമാർ. ഈ വിഭാഗത്തിൽ രണ്ടാമതെത്തിയ കോട്ടയത്തിന്റെ സമ്പാദ്യം രണ്ട് സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവും ഉൾപ്പെടെ 73 പോയിന്റ്. മൂന്നു സ്വർണവും മൂന്നു വെള്ളിയും രണ്ട് വെങ്കലവുമായി 64 പോയിന്റു നേടിയ എറണാകുളമാണ് പട്ടികയിൽ മൂന്നാമത്.
വനിതാ വിഭാഗത്തിൽ നാലു സ്വർണവും നാലു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 79 പോയിന്റുമായി കോട്ടയമാണ് കിരീടം ചൂടിയത്. മൂന്നു സ്വർണവും അഞ്ചു വെള്ളിയും അഞ്ചു വെങ്കലവുമായി 78.5 പോയിന്റോടെ എറണാകുളം രണ്ടാം സ്ഥാനത്തും നാലു സ്വർണവും അഞ്ചു വെള്ളിയും രണ്ടു വെങ്കലവുമായി 76 പോയിന്റോടെ പാലക്കാട് മൂന്നാം സ്ഥാനത്തുമെത്തി.
പുരുഷന്മാരുടെ 200 മീറ്ററിൽ പാലക്കാടിന്റെ പി.കെ. ജിഷ്ണു പ്രസാദ് (21.38 സെക്കൻഡ്), ട്രിപ്പിൾ ജംപിൽ പാലക്കാടിന്റെ യു. കാർത്തിക് ( 16.42 മീറ്റർ), 20 കിലോമീറ്റർ നടത്തത്തിൽ ബിലിൻ ജോർജ് ആന്റോ (ഒരു മണിക്കൂർ 24:57.26 സെക്കൻഡ്), 3000 മീറ്റർ സ്റ്റീപ്പിൽ ചേസിൽ ബഞ്ചമിൻ ബാബു (8:53.60), 800 മീറ്ററിൽ കെ.എ. അഖിൽ (1:50.03), വനിതകളുടെ 20 കിലോമീറ്റർ നടത്തത്തിൽ കെ. അക്ഷയ (ഒരു മണിക്കൂർ 43:27.11) ഡിസ്കസ് ത്രോയിൽ അഖിലാ രാജു (46.79 മീറ്റർ)എന്നിവരാണ് ഇന്നലെ റിക്കാർഡ് കുറിച്ചത്.
200 മീറ്റർ മത്സരത്തിൽ പുരുഷ വിഭാഗത്തിൽ റിക്കാർഡ് നേടിയ പാലക്കാടിന്റെ പി.കെ. ജിഷ്ണു പ്രസാദിനു പിന്നാലെ പാലക്കാടിന്റെ തന്നെ ആർ. ലൈജു (21.82) വെള്ളിയും എം. മനീഷ് (21.93) വെങ്കലവും നേടി. വനിതാ വിഭാഗം 200 മീറ്ററിൽ എറണാകുളത്തിന്റെ വി.എസ്. ഭവിക 24.07 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണത്തിന് അവകാശിയായി.
കോട്ടയത്തിന്റെ ശ്രീന നാരായണൻകുട്ടി (25.08 ) വെള്ളിയും തിരുവനന്തപുരത്തിന്റെ എ.പി. ഷിബി (25.11) വെങ്കലവും നേടി.