ഹര്‍മന്‍പ്രീത് സെഞ്ചുറി
Wednesday, July 23, 2025 1:14 AM IST
ഡര്‍ഹാം: സെഞ്ചുറി നേടിയ ഇന്ത്യന്‍ വനിതാ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെ മികവില്‍ ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 318 റണ്‍സ് പടുത്തുയര്‍ത്തി. ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 318 റണ്‍സ് കുറിച്ചത്. മൂന്നു മത്സര പരമ്പരയിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ നാലു വിക്കറ്റിനും രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിനും ജയം സ്വന്തമാക്കിയിരുന്നു.
84 പന്തില്‍ 14 ഫോറിന്റെ സഹായത്തോടെ 102 റണ്‍സ് നേടിയ ഹര്‍മന്‍പ്രീത് കൗര്‍ ആണ് ഇന്ത്യന്‍ പോരാട്ടം മുന്നില്‍നിന്നു നയിച്ചത്. ഓപ്പണര്‍മാരായ പ്രതീക റാവലും (26) സ്മൃതി മന്ദാനയും (45) 64 റണ്‍സ് നേടിയശേഷമാണ് പിരിഞ്ഞത്.
മൂന്നാം നമ്പറില്‍ ക്രീസിലെത്തിയ ഹര്‍ലീന്‍ ഡിയോളും 45 റണ്‍സ് നേടി. നാലാം നമ്പറിലെത്തിയ ഹര്‍മന്‍പ്രീത് കൗര്‍ അഞ്ചാം നമ്പറായ ജെമീമ റോഡ്രിഗസിനൊപ്പം നാലാം വിക്കറ്റില്‍ 110 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. 45 പന്ത് നേരിട്ട ജെമീമ റോഡ്രിഗസ് 50 റണ്‍സ് സ്വന്തമാക്കി.
റിച്ച ഘോഷ് (18 പന്തില്‍ 38 നോട്ടൗട്ട്) നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയുടെ സ്കോര്‍ 300 കടത്തിയത്.
ഇന്ത്യക്കായി ഏറ്റവും കൂടുതൽ സെഞ്ചുറി (7) നേടുന്നതിൽ മിതാലി രാജിനൊപ്പം രണ്ടാം സ്ഥാനത്തും ഹർമൻപ്രീത് കൗർ എത്തി. സ്മൃതി മന്ദാനയാണ് (11) ഒന്നാം സ്ഥാനത്ത്.