ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റ് ഇന്നു മുതൽ മാഞ്ചസ്റ്ററിൽ
Wednesday, July 23, 2025 1:14 AM IST
മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റ് ക്രിക്കറ്റ് പോരാട്ടത്തിനായി ഇന്നിറങ്ങുമ്പോള്‍, യുവതാരം ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ടീം ഇന്ത്യ പ്രതിസന്ധികളുടെ തീച്ചൂളയില്‍.
ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി, പേസര്‍മാരായ ആകാശ് ദീപ്, അര്‍ഷദീപ് സിംഗ് എന്നിവരുടെ പരിക്ക് ടീമിന്റെ കരുത്തിനെ ബാധിച്ചത്, കഴിഞ്ഞ മൂന്നു ടെസ്റ്റിലും മൂന്നാം നമ്പര്‍ ബാറ്റിംഗിലെ ദയനീയ പ്രകടനം, പ്ലേയിംഗ് ഇലവനില്‍ ഇതിനെല്ലാം പുറമേ നാലാം ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ അഞ്ച് മത്സര പരമ്പര നഷ്ടമാകുമെന്ന യാഥാര്‍ഥ്യം; മാഞ്ചസ്റ്ററില്‍ ഗില്ലും സംഘവും ശരിക്കും ഹോട്ട് സീറ്റില്‍...
ബുംറ എന്ന ആശ്വാസം
ലോക ഒന്നാം നമ്പര്‍ പേസറായ ജസ്പ്രീത് ബുംറ നാലാം ടെസ്റ്റില്‍ കളിക്കും എന്ന് മുഹമ്മദ് സിറാജ് അറിയിച്ചതു മാത്രമാണ് ഇന്ത്യക്കുള്ള ഏക ആശ്വാസം. ഇംഗ്ലണ്ടിന് എതിരായ ആന്ഡേഴ്സണ്-തെണ്ടുല്‍ക്കര്‍ ടെസ്റ്റ് പരമ്പരയില്‍ മൂന്നു മത്സരങ്ങളില്‍ മാത്രമേ ബുംറ കളിക്കുകയുള്ളൂ എന്ന് ബിസിസിഐ നേരത്തേ വ്യക്തമാക്കിയിരുന്നു. നിര്‍ണായകമായ നാലാം ടെസ്റ്റില്‍ ബുംറ കളിക്കുമെന്നാണ് ടീം വൃത്തങ്ങളില്‍നിന്നുള്ള വിവരം.
ഒന്നും മൂന്നും ടെസ്റ്റില്‍ പരാജയപ്പെട്ട ഇന്ത്യ, നോട്ടിംഗ്ഹാമിലെ രണ്ടാം മത്സരത്തില്‍ ജയം നേടിയിരുന്നു. നിലവില്‍ 2-1നു പിന്നിലാണ് ഇന്ത്യ. മാഞ്ചസ്റ്ററില്‍ ഇന്നാരംഭിക്കുന്ന ടെസ്റ്റില്‍ പരാജയപ്പെട്ടാല്‍ ശുഭ്മാന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയിലെ ആദ്യ പരമ്പര ഇന്ത്യക്കു നഷ്ടപ്പെടും.
അന്‍ഷുല്‍/പ്രസിദ്ധ്
ലോഡ്സില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ 22 റണ്‍സിന്റെ തോല്‍വി വഴങ്ങേണ്ടിവന്നതിന്റെ വേദന ടീം ഇന്ത്യയെ വിട്ടൊഴിഞ്ഞിട്ടില്ല. മാഞ്ചസ്റ്ററിലെ നാലാം പോരാട്ടത്തില്‍ തിരിച്ചടിക്കാമെന്ന പ്രതീക്ഷിയിലിരിക്കേ പരിക്ക് വില്ലനായി. പേസ് ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്നിന്നുതന്നെ പുറത്ത്. പരിശീലനത്തിനിടെ പരിക്കേറ്റ ആകാശ് ദീപ്, അര്‍ഷദീപ് സിംഗ് എന്നിവര്‍ നാലാം ടെസ്റ്റിനുണ്ടാകില്ല.
ബാറ്റിംഗ് നിരയില്‍ കരുണ്‍ നായറിനു പകരം സായ് സുദര്ശന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തിയേക്കും. മൂന്നാം നമ്പറില്‍ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും കരുണ്‍ നായറിനു ശോഭിക്കാന്‍ സാധിച്ചിരുന്നില്ല. വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുള്‍ ഠാക്കൂര്‍ എന്നിവരും പ്ലേയിംഗ് ഇലവനിലേക്കു മടങ്ങിവരാനാണ് സാധ്യത.
പകരക്കാരനായി ടീമിലെത്തിയ അന്ശുല് കാംബോജിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയേക്കുമെന്നാണ് വിവരം. അന്‍ഷുല്‍, പ്രസിദ്ധ് കൃഷ്ണ എന്നിവരിൽ ഒരാള്‍ക്കാണ് സാധ്യതയെന്ന് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ഇന്നലെ അറിയിച്ചു. അന്‍ശുലിന്റെ ബാറ്റിംഗ് മികവ് പരിഗണിച്ചാല്‍ അദ്ദേഹം ഇന്ന് ടെസ്റ്റ് അരങ്ങേറ്റം നടത്തിയേക്കും.
ചരിത്രം ഇങ്ങനെ
അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍, ആദ്യ മൂന്നു മത്സരങ്ങള്‍ക്കുശേഷം പിന്നില്‍നിന്ന ഒരു ടീം പരമ്പര സ്വന്തമാക്കിയത് ചരിത്രത്തില്‍ ഇതുവരെ മൂന്നു തവണ മാത്രം. 1998ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ ഇംഗ്ലണ്ട്, 1992ല്‍ ഓസ്ട്രേലിയയ്ക്കെതിരേ വെസ്റ്റ് ഇന്‍ഡീസ്, 1936-37ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്ട്രേലിയ എന്നിവയാണ് ഇത്തരത്തില്‍ പരമ്പര സ്വന്തമാക്കിയത്. ഈ പട്ടികയിലേക്ക് ടീം ഇന്ത്യയും എത്തുന്നതിനായാണ് ആരാധകരുടെ കാത്തിരിപ്പ്.
മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രോഫോഡ് സ്റ്റേഡിയത്തില്‍ ഇന്ത്യക്ക് ഇതുവരെ ഒരു ടെസ്റ്റ് ജയം നേടാന്‍ സാധിച്ചിട്ടില്ല. 1936 മുതല്‍ 2014വരെയായി ഒമ്പത് ടെസ്റ്റ് ഇന്ത്യ ഇവിടെ കളിച്ചു. നാല് എണ്ണത്തില്‍ തോറ്റു, അഞ്ച് എണ്ണം സമനിലയില്‍ കലാശിച്ചു.
മഴ കളിച്ചേക്കും
നാലാം ടെസ്റ്റിനിടെ മഴ കളിച്ചേക്കുമെന്നാണ് കാലാവസ്ഥാ റിപ്പോര്‍ട്ട്. ഇന്നലെ മാഞ്ചസ്റ്റര്‍ നഗരത്തില്‍ മഴ പെയ്തിരുന്നു. മത്സരത്തിന്റെ സമയം തെളിവു ലഭിച്ചേക്കുമെങ്കിലും അന്തരീക്ഷം മേഘാവൃതമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നാഴികക്കല്ല്
മാഞ്ചസ്റ്ററില്‍ ഇന്നാരംഭിക്കുന്ന ഇന്ത്യ x ഇംഗ്ലണ്ട് നാലാം ടെസ്റ്റില്‍ ചില താരങ്ങള്‍ കരിയറിലെ നിര്‍ണായക നാഴികക്കല്ലുകള്‍ പിന്നിടും. അതില്‍ ശ്രദ്ധേയമായ ചിലത്:
11: കെ.എല്‍. രാഹുല്‍

ഇംഗ്ലണ്ടില്‍ 1000 ടെസ്റ്റ് റണ്‍സ് എന്ന നേട്ടത്തിന് കെ.എല്‍. രാഹുലിനു വേണ്ടത് 11 റണ്‍സ്. ഇംഗ്ലണ്ടില്‍ ഇതുവരെ കളിച്ച 12 ടെസ്റ്റിലെ 24 ഇന്നിംഗ്സില്‍നിന്ന് കെ.എല്‍. രാഹുല്‍ 989 റണ്‍സ് സ്വന്തമാക്കി. സച്ചിന് തെണ്ടുല്‍ക്കര്‍ (1575), രാഹുല്‍ ദ്രാവിഡ് (1376), സുനില്‍ ഗാവസ്കര്‍ (1152) എന്നിവര്‍മാത്രമാണ് ഇതുവരെ ഈ നേട്ടം സ്വന്തമാക്കിയ ഇന്ത്യക്കാര്‍.
60: രാഹുല്‍
രാജ്യാന്തര ക്രിക്കറ്റില്‍ കെ.എല്‍. രാഹുലിന് 9,000 റണ്‍സ് തികയ്ക്കാന്‍ 60 റണ്‍സ് മതി. ടെസ്റ്റ് (3632), ഏകദിനം (3043), ട്വന്റി-20 (2265) മത്സരങ്ങളിലായി രാഹുലിന് നിലവില്‍ 8940 റണ്‍സ് ഉണ്ട്.
120: ജോ റൂട്ട്

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്നതില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താന്‍ ഇംഗ്ലീഷ് താരം ജോ റൂട്ടിന് വേണ്ടിയത് 120 റണ്‍സ്. 156 ടെസ്റ്റില്‍ 13,259 റണ്‍സുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് റൂട്ട്.
രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള റിക്കി പോണ്ടിംഗ് (13,378), ജാക് കാലിസ് (13,289), രാഹുല്‍ ദ്രാവിഡ് (13,288) എന്നിവര്‍ക്ക് അരികെയാണ് റൂട്ട്. സച്ചിന് തെണ്ടുല്‍ക്കറാണ് (15,921) ഒന്നാം സ്ഥാനത്ത്.
03: ഋഷഭ് പന്ത്

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ സിക്സ് എന്ന റിക്കാര്‍ഡിലേക്ക് വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിനുള്ള അകലം മൂന്ന്. 88 സിക്സുമായി രോഹിത് ശര്‍മയ്ക്ക് ഒപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് പന്ത്. 103 മത്സരങ്ങളില്‍നിന്ന് 90 സിക്സ് നേടിയ വിരേന്ദര്‍ സെവാഗിന്റെ പേരിലാണ് റിക്കാര്‍ഡ്. 46 ടെസ്റ്റിലാണ് പന്ത് 88 സിക്സ് പറത്തിയത്.