ഉള്ളുതൊട്ട നേതാവിന് ഉള്ളുനീറി യാത്രാമൊഴി
Wednesday, July 23, 2025 3:02 AM IST
തിരുവനന്തപുരം: പെരുമഴ മാറി പകൽ തെളിഞ്ഞുകത്തി. സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിനു മുന്നിൽ അതുവരെ ശാന്തമായിരുന്ന അന്തരീക്ഷം പൊടുന്നനെ മാറി.
ചുരുട്ടിയ മുഷ്ടികൾക്കൊപ്പം ചിട്ടകൾ തെറ്റിച്ച് കൂട്ട മുദ്രാവാക്യങ്ങളുയർന്നു. കണ്ണും കരളുമായ വിഎസ് അന്ത്യയാത്രയ്ക്കായിറങ്ങിയപ്പോൾ തടിച്ചുകൂടിയ ജനക്കൂട്ടത്തിന്റെ ഉള്ളിലെ വിങ്ങൽ തീരാനഷ്ടത്തെയോർത്തുള്ള തിരയടിക്കലായി മാറി.
ദർബാർഹാളിലെ പൊതുദർശനത്തിനുശേഷം വി.എസ്. അച്യുതാനന്ദന്റെ ഭൗതികശരീരം അലങ്കരിച്ച വാഹനത്തിലേക്ക് കയറ്റുമ്പോഴാണ്, അതുവരെ ശാന്തരായി നിന്ന പാർട്ടി പ്രവർത്തകരുൾപ്പെടെയുള്ള ജനക്കൂട്ടത്തിന്റെ സങ്കടം അണപൊട്ടിയത്.
ഇന്നലെ രാവിലെ 9.20നാണ് വിഎസിന്റെ ചേതനയറ്റ ശരീരം പൊതുദർശനത്തിനായി ദർബാർ ഹാളിലെത്തിച്ചത്. വിഎസിനെ കാണാനും അന്ത്യാഞ്ജലി അർപ്പിക്കാനും വൻജനക്കൂട്ടം അതിനും മണിക്കൂറുകൾ മുമ്പേ സെക്രട്ടേറിയറ്റ് പരിസരത്ത് തമ്പടിച്ചിരുന്നു. നോർത്ത് ഗേറ്റിലൂടെ (സമര ഗേറ്റ്) ആംബുലൻസ് സെക്രട്ടേറിയറ്റിനുള്ളിലേക്കു കടന്നെത്തിയതിനു പിന്നാലെ ദർബാർ ഹാളിലേക്ക് ജനമൊഴുകിയെത്തി. പ്രിയനേതാവിനെ ഒരു നോക്കു കാണാൻ പോലീസ് ഏർപ്പെടുത്തിയ എല്ലാ ക്രമീകരണങ്ങളോടും അവർ പൂർണമായി സഹകരിച്ചു.
സമൂഹത്തിന്റെ നാനാതുറകളിൽനിന്നുള്ള പ്രമുഖരുൾപ്പെടെയുള്ളവരും സ്ത്രീകളും കുട്ടികളും അടക്കമുള്ളവരും അച്ചടക്കത്തോടെ ഊഴം കാത്തുനിന്ന് വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചിറങ്ങി. എങ്കിലും അവരിൽ പലരും സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽതന്നെ തുടർന്നു. പ്രിയ നേതാവിനെ യാത്രയാക്കാൻ കാത്തുനിന്നു.
വിഎസിന് അന്തിമോപചാരം അർപ്പിക്കാനെത്തിയവരുടെ നിര ദർബാർ ഹാളിനു മുന്നിൽനിന്ന് റോഡ് വരെ നീണ്ടു. എങ്കിലും പരമാവധി വേഗത്തിൽ എല്ലാവരെയും ദർബാർ ഹാളിലേക്ക് കടത്തിവിട്ട പോലീസ് ഉച്ചയ്ക്ക് 1.50നു പൊതുദർശനം പൂർത്തിയാക്കി. തുടർന്ന് മുൻ മുഖ്യമന്ത്രിക്ക് പോലീസ് ഗാർഡ് ഓഫ് ഓണർ നൽകി.
ഉച്ചയ്ക്ക് 2.10ന് വിഎസിന്റെ ഭൗതികദേഹം ദർബാർ ഹാളിൽനിന്നു പുറത്തേക്കെത്തിച്ചപ്പോഴേക്കും അവിടം ജനസമുദ്രമായി മാറിയിരുന്നു. ഏറെ പണിപ്പെട്ടാണ് പോലീസും നേതാക്കളും ചേർന്ന് വിഎസിന്റെ ഭൗതികദേഹം സജ്ജമാക്കിയ കെഎസ്ആർടിസി ബസിലേക്കു കയറ്റിയത്.
2.20ന് സെക്രട്ടേറിയറ്റിനു മുന്നിൽനിന്ന് വാഹനം പുറപ്പെടുമ്പോഴേക്കും ജനക്കൂട്ടം കണ്ഠമിടറുന്ന മുദ്രാവാക്യങ്ങളുമായി വിഎസിനെ പൊതിഞ്ഞു.
വാഹനത്തിനു പിന്നാലെ നടന്നു...ഓടി...2.25ന് വിഎസിന്റെ ഭൗതികശരീരവും വഹിച്ചുള്ള വാഹനം സെക്രട്ടേറിയറ്റിന്റെ ആസാദ് ഗേറ്റ് വഴി പുറത്തെത്തുമ്പോഴേക്ക് എംജി റോഡിൽ തിരമാലപോലെ ജനമിരമ്പി. എല്ലാ നിയന്ത്രണങ്ങളും വിട്ട് വിഎസിനോടുള്ള ജനക്കൂട്ടത്തിന്റെ സ്നേഹവായ്പ് അണപൊട്ടി. മുന്നോട്ടുള്ള പാതയ്ക്കിരുവശവും നിന്ന് സ്നേഹക്കടലിന്റെ ആശ്ലേഷം.
സ്റ്റാച്യു മുതൽ ഉള്ളൂർ വരെയുള്ള ആറു കിലോമീറ്റർ ദൂരം എത്തിച്ചേരാൻ നാല് മണിക്കൂർ വേണ്ടിവന്നെങ്കിൽ പോകപ്പോകെ വിഎസിനെ ജനം ഏറ്റെടുത്തു. ആ സ്നേഹക്കടലിനു നടുവിലൂടെ വിഎസ് ആലപ്പുഴയിലേക്ക് ഒഴുകിയകലുമ്പോൾ അനേകം ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യംവഹിച്ച അനന്തപുരി അനിവാര്യമായൊരു ശൂന്യതയുടെ ചരിത്രത്താൾ മറിക്കുകയായിരുന്നു.
സമരനായകനെ ഏറ്റുവാങ്ങാന്‍ വലിയചുടുകാട്

ആലപ്പുഴ: വി.എസ്. അച്യുതാനന്ദന്റെ അന്ത്യവിശ്രമത്തിനായി വലിയചുടുകാട് രക്തസാക്ഷി മണ്ഡപം തയാറായി. നേതാക്കളെ സംസ്കരിക്കുന്ന പതിവു സ്ഥലത്തുനിന്ന് അല്പം മാറിയാകും വിഎസിന്റെ അന്ത്യവിശ്രമം. പതിവുസ്ഥലത്ത് വെള്ളം കെട്ടിനില്‍ക്കുന്നതിനാലാണിത്.
വലിയചുടുകാട്ടില്‍ ബാരിക്കേഡ് തിരിച്ച് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് ഇരിക്കാന്‍ പ്രത്യേക സൗകര്യമുണ്ടാക്കി. ഇവിടെ സംസ്കാരച്ചടങ്ങുകള്‍ക്കായി ആയിരം പേര്‍ക്കാകും ഇരിപ്പിടം.
പൊതുദര്‍ശനം ഇങ്ങനെ
തിരുവനന്തപുരത്തുനിന്ന് ദേശീയപാതയിലൂടെ ആലപ്പുഴയിലേക്ക് എത്തിക്കുന്ന മൃതദേഹം പറവൂരിലെ വേലിക്കകത്ത് വീട്ടിലും രാവിലെ ഒന്‍പതിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദര്‍ശനത്തിനു വയ്ക്കും. 11 മുതല്‍ ഉച്ചകഴിഞ്ഞു മൂന്നുവരെ റിക്രിയേഷന്‍ മൈതാനത്താണ് പൊതുദര്‍ശനത്തിന് സൗകര്യം ഒരുക്കിയിട്ടുള്ളത്. ഇവിടെ 2,000 പേര്‍ക്കുള്ള ഇരിപ്പിടമുണ്ടാകും. വൈകുന്നേരം നാലോടെ വലിയചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാരം നടക്കും.
വിലാപയാത്ര ദേശീയപാത വഴി കുറവന്തോടുനിന്ന് തിരിഞ്ഞ് പഴയ നടക്കാവ് റോഡ് വഴി വിഎസിന്റെ വീട്ടിലേക്ക് പ്രവേശിക്കും. പഴയ നടക്കാവ്, കൈതവന, പഴവീട് വഴിയായിരിക്കും സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തിക്കുക. തുടര്‍ന്ന് തിരുവമ്പാടി, ജനറല്‍ ഹോസ്പിറ്റല്‍, കളക്ടറേറ്റ്, ഡബ്ല്യു ആന്‍ഡ് സി വഴി ബീച്ച് റിക്രീയേഷന്‍ ഗ്രൗണ്ടില്‍ എത്തിച്ചേരും. ഇവിടത്തെ പൊതുദര്‍ശനത്തിനു ശേഷം സിസിഎസ്ബി റോഡ്, കണ്ണന്‍വര്‍ക്കി പാലം, കളക്ടറേറ്റ്, വലിയകുളം, പുലയന് വഴി, തിരുവമ്പാടി വഴിയായിരിക്കും വലിയചുടുകാടേക്ക് എത്തിക്കുക.
കടപ്പുറത്ത് നിയന്ത്രണം
പൊതുദര്‍ശനത്തിന് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി കടപ്പുറത്ത് സഞ്ചാരികള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തി. നഗരത്തില്‍ വാഹനഗതാഗത ക്രമീകരണവുമുണ്ട്. പൊതുദര്‍ശനത്തിനെത്തുന്നവര്‍ക്കുള്ള പാര്‍ക്കിംഗ് കടപ്പുറത്തെ മേല്‍പാലത്തിനു താഴെയാണ്. സുരക്ഷയ്ക്കായി പോലീസിനെയും വിന്യസിക്കും.