പാടത്തു വേല, വരമ്പത്ത് കൂലി; കാവലാളായി വിഎസ്
Wednesday, July 23, 2025 3:02 AM IST
ജിബിന്‍ കുര്യന്
കോട്ടയം: പുഴയും കായലും കടലും അതിരിടുന്ന കുട്ടനാട്ടില്‍ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ്. അച്യുതാനന്ദന് സമരമുഖത്തേക്ക് എത്തുന്നത്.
വിശപ്പിലും വറുതിയിലും പൊറുതിമുട്ടുന്ന കാലം. കയര്‍ പിരിക്കലും തെങ്ങുചെത്തും മീന്‍പിടിത്തവും കക്കാവാരലും പാടത്തെ കഠിനവേലയുംകൊണ്ടൊന്നും വീടു പോറ്റാനാവാതെ വലയുന്ന ജനങ്ങള്‍. കുടുംബം പോറ്റാനും കുട്ടികളെ വളര്‍ത്താനും ആണാളിനൊപ്പം പെണ്ണാളും കഠിനവേല ചെയ്യുന്ന തൊഴില്‍മേഖല. ഇവരെ സംഘടിപ്പിച്ചും സഹായിച്ചുമാണ് ആലപ്പുഴ പുന്നപ്രയില്‍നിന്ന് അച്യൂതാനന്ദന് എന്ന കമ്യൂണിസ്റ്റിന്റെ പ്രയാണത്തിനു തുടക്കം.
പി. കൃഷ്ണപിള്ളയുടെ നിര്‍ദേശത്തുടര്‍ന്ന് കുട്ടനാട്ടിലെ ചെറുകാലി വരമ്പത്ത് കായല്‍ നില തൊഴിലാളികളെ സംഘടിപ്പിച്ചു. പകലന്തിയോളം തൊഴിലാളികളോടൊപ്പം കഴിഞ്ഞ വിഎസിന് അവരുടെ വീടുകളില്‍നിന്നായിരുന്നു ഭക്ഷണം. അന്തിയുറക്കവും തൊഴിലാളികളുടെ വീട്ടില്‍തന്നെ. രാമങ്കരി മുട്ടാറില്‍ കര്‍ഷക തൊഴിലാളികളുടെ വലിയ സമ്മേളനം വിളിച്ചു ചേര്‍ത്താണ് വിഎസ് കുട്ടനാട്ടില്‍ സമരത്തിനു തുടക്കം കുറിച്ചത്. പണിയാള്‍ തൊഴിലാളിയും പുറംതൊഴിലാളിയുമുണ്ടായിരുന്ന അക്കാലത്ത് കൂടുതല്‍ കൂലി ചോദിച്ചായിരുന്നു സമരം.
മംഗലംകായല് നികത്തല്‍ സമരത്തിലൂടെ ജന്മി-പ്രഭുക്കള്‍ തൊഴിലാളിസമരത്തെ അടിച്ചമര്‍ത്താന്‍ തുടങ്ങി. കൊയ്തെടുത്ത കറ്റകള്‍ മെതിക്കാതെ 12 ദിവസം പാടത്തിട്ട് സമരം ചെയ്തു. തൊഴിലാളികളെ പോലീസിനെ ഇറക്കി മര്‍ദിച്ച് അറസ്റ്റ് ചെയ്യിപ്പിച്ചെങ്കിലും വിഎസിന്റെ വീറുറ്റ സമരത്തിനു മുമ്പില്‍ ജന്മിമാര്‍ക്ക് അടിയറവ് പറയേണ്ടി വന്നു. കുട്ടനാട്ടിലെ തൊഴിലാളികളെ സംഘടിപ്പിച്ചതിനൊപ്പം കോട്ടയം ജില്ലയുടെ ഭാഗമായ അപ്പര്‍കുട്ടനാട്ടിലെ ആര് ബ്ലോക്ക്, തിരുവാർപ്പിലെ തിരുവായ്ക്കരി, ജെ ബ്ലോക്ക്, കുമരകത്തെ മെത്രാന്‍കായല്‍, എം.എന്‍. ബ്ലോക്ക് പാടശേഖരങ്ങളിലെ കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കാന്‍ വിഎസ് പലവട്ടം എത്തിയിട്ടുണ്ട്. 2004ല്‍ പ്രതിപക്ഷ നേതാവായിരിക്കെ തിരുവാര്‍പ്പ് ആമ്പല്‍പാടത്ത് ജെ ബ്ലോക്കില്‍ നെല്‍കര്‍ഷകരുടെ പ്രശ്നങ്ങള്‍ നേരിട്ടുപഠിക്കാന് എത്തിയിരുന്നു.
കര്‍ഷകരില്‍നിന്നും കര്ഷകത്തൊഴിലാളികളില്നിന്നും വിവരങ്ങള്‍ ശേഖരിച്ച് കൈപ്പടയില്‍ കുറിച്ച് വിശദമായി പഠിച്ച് നെല്‍കര്‍ഷകരുടെ വിഷയങ്ങള്‍ സബ്മിഷനായി നിയമസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രിയായിരിക്കേ വേനല്‍മഴയില്‍ വന്‍തോതില്‍ നെല്ല് കിളിര്‍ത്ത് നഷ്ടം സംഭവിച്ചപ്പോള്‍ കര്‍ഷകര്‍ക്ക് വില നല്‍കിയശേഷം നെല്ല് ഉപേക്ഷിച്ചു കളയാനായിരുന്നു വിഎസിന്റെ നിര്‍ദേശം.