ഓപ്പറേഷൻ ക്ലീൻ വീൽസ് ; കണ്ടെത്തിയതു ലക്ഷങ്ങളുടെ അഴിമതി; നടപടിയില്ല, മുഖ്യമന്ത്രിക്കു പരാതി
Wednesday, July 23, 2025 3:02 AM IST
തൃശൂർ: ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ സംസ്ഥാനത്തെ മോട്ടോർ വാഹനവകുപ്പിനു കീഴിലെ 17 റീജണൽ ട്രാൻസ്പോർട്ട്, 64 സബ് റീജണൽ ട്രാൻസ്പോർട്ട് ഓഫീസുകളിൽ നടത്തിയ വിജിലൻസ് റെയ്ഡിൽ തുടർനടപടിയില്ലെന്നു പരാതി.
ഉദ്യോഗസ്ഥർ ഗൂഗിൾ പേ അടക്കമുള്ള യുപിഐയിലൂടെ പണം വാങ്ങിയെന്നു കണ്ടെത്തിയെങ്കിലും നടപടിയില്ല. കുറ്റക്കാർക്കെതിരേ അടിയന്തരനടപടിയെടുക്കണമെന്നാവശ്യപ്പെട്ടു കേരള ടോറസ് ടിപ്പർ അസോസിയേഷൻ മുഖ്യമന്ത്രിക്കു പരാതി നൽകി.
19നു വൈകുന്നേരം നാലരമുതൽ നടത്തിയ മിന്നൽപരിശോധനയിൽ 11 ഏജന്റുമാർ, 21 ഉദ്യോഗസ്ഥർ എന്നിവരിൽനിന്നു ലക്ഷങ്ങളാണു പിടിച്ചെടുത്തത്. 1.40 ലക്ഷം രൂപയുമായി 11 ഏജന്റുമാരെയും പിടികൂടി. നിലന്പൂർ സബ് ആർടി ഓഫീസ് പരിസരത്തുനിന്ന് ഉദ്യോഗസ്ഥർ ജനലിലൂടെ വലിച്ചെറിഞ്ഞ 49,300 രൂപയും പിടിച്ചെടുത്തു. വിവിധ ഓഫീസുകളിലെ 21 ഉദ്യോഗസ്ഥർ യുപിഐ ഇടപാടുവഴി ഏജന്റുമാരിൽനിന്ന് കൈപ്പറ്റിയത് 7.85 ലക്ഷം രൂപയാണ്.
ഏജന്റുമാർവഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നു, ജനങ്ങൾ ഓണ്‍ലൈൻവഴി സമർപ്പിക്കുന്ന അപേക്ഷകളിൽ കാലതാമസം വരുത്തുന്നു, നിസാരകാരണങ്ങൾ ചൂണ്ടിക്കാട്ടി നിരസിക്കുന്നു, ഏജന്റുമാർ മുഖേന ലഭിക്കുന്ന അപേക്ഷകളിൽ സീനിയോറിറ്റി മറികടന്നു വേഗം തീരുമാനമെടുക്കുന്നു എന്നിങ്ങനെ വ്യാപക പരാതികൾ ഉയർന്നതോടെയാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജിലൻസ് പരിശോധന നടത്തിയത്.
ആർടി ഓഫീസുകളിലെ ക്ലാർക്കുമാർമുതൽ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർവരെ വാഹനങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾക്കും പണം വാങ്ങുന്നെന്നു കണ്ടെത്തി.
തിരുവനന്തപുരത്തെ ഉദ്യോഗസ്ഥൻ ഗൂഗിൾപേ വഴി 16,400 രൂപയും വർക്കല എസ്ആർടി ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർ 82,203 രൂപയും കൈപ്പറ്റി. ഇടുക്കിയിലെ വണ്ടിപ്പെരിയാർ, ഇടുന്പൻചോല, എറണാകുളം, ഗുരുവായൂർ, മലപ്പുറം, തിരൂരങ്ങാടി എന്നിവിടങ്ങളിലും യുപിഐവഴി ഉദ്യോഗസ്ഥർ ആയിരങ്ങൾ കൈക്കൂലി വാങ്ങി.
കൊടുവള്ളിയിൽ ഉദ്യോഗസ്ഥർക്ക് ഏജന്റുമാർ 2.15 ലക്ഷം നൽകിയെന്നും കണ്ടെത്തി. വടകര, കൽപ്പറ്റ, സുൽത്താൻ ബത്തേരി, കാസർഗോഡ്, വെള്ളരിക്കുണ്ട് ആർടി ഓഫീസുകളിലും വൻ കൈക്കൂലി കണ്ടെത്തിയിരുന്നു.
അഡീഷണൽ ചീഫ് സെക്രട്ടറി കത്തയച്ചിട്ടും നടപടിയില്ല
തൃശൂർ: കൈക്കൂലിക്കേസിൽ പിടിക്കപ്പെട്ടു രണ്ടര മാസം കഴിഞ്ഞിട്ടും തൃശൂരിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടിയില്ല. ഏപ്രിൽ 30ന് അയ്യന്തോളിൽ വിജിലൻസ് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ തൃശൂർ ആർടി ഓഫീസിലെ എംവിഐമാരായ എ.പി. കൃഷ്ണകുമാർ, കെ.ജി. അനീഷ് എന്നിവരിൽനിന്നായി 72,000 രൂപ പിടികൂടിയിരുന്നു.
ഉദ്യോഗസ്ഥർക്കെതിരേ കർശനനടപടി ശിപാർശ ചെയ്ത് അഡീഷണൽ ചീഫ് സെക്രട്ടറി ഗതാഗത വകുപ്പിനു ജൂണ്‍ 26നു കത്തു നൽകിയെങ്കിലും ഫയൽ ലഭിച്ചില്ലെന്ന ന്യായംപറഞ്ഞ് സസ്പെൻഷനില്ലാതെ സർവീസിൽ തുടരുന്നു. അഡീഷണൽ ചീഫ് സെക്രട്ടറിക്കുവേണ്ടി ഡെപ്യൂട്ടി സെക്രട്ടറി ടി.എസ്. സംഗീതയാണു കത്തു നൽകിയത്.
ഡ്രൈവിംഗ് ലൈസൻസ് അടക്കമുള്ള സേവനങ്ങൾ വേഗത്തിലാക്കാൻ ഡ്രൈവിംഗ് സ്കൂളുകൾക്കുവേണ്ടി ഏജന്റ് പിരിച്ചുനൽകിയ പണമാണ് ഉദ്യോഗസ്ഥരിൽനിന്നു പിടിച്ചെടുത്തത്. ഇടക്കാല റിപ്പോർട്ടും സോഴ്സ് റിപ്പോർട്ടും വിജിലൻസ് ഡയറക്ടർ മേയ് ഒന്പതിനു സർക്കാരിനു നൽകിയിരുന്നു.