ഓണക്കാലത്ത് വെളിച്ചെണ്ണ, അരി ലഭ്യത ഉറപ്പുവരുത്തും
Tuesday, July 22, 2025 3:47 AM IST
കൊച്ചി: വെളിച്ചെണ്ണ വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ മലയാളിക്ക് നാളെയുടെ ആശ്വാസവാക്കുമായി സര്‍ക്കാര്‍.
ഓണക്കാലത്ത് അരിയും വെളിച്ചെണ്ണയും സുലഭമായി ലഭ്യമാക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്താന്‍ എറണാകുളത്തെ സപ്ലൈകോ ആസ്ഥാനത്തു മന്ത്രി ജി.ആര്. അനിലിന്റെ അധ്യക്ഷതയില്‍ നടന്ന യോഗം തീരുമാനിച്ചു.
ഓണക്കാലത്ത് സാധനങ്ങളുടെ ലഭ്യതയും വിലക്കുറവും ഉറപ്പുവരുത്തുന്നതിനും അരിയുടെ വില കുറയ്ക്കുന്നതിനുമായി കാര്യക്ഷമമായ ഇടപെടല്‍ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
അരി സംഭരിക്കുന്നതു സംബന്ധിച്ച് ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയുമായി നേരിട്ടു ചര്‍ച്ച നടത്തിക്കഴിഞ്ഞു. ആന്ധ്രപ്രദേശ്, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ മന്ത്രിമാരുമായും നേരിട്ടു സംസാരിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.
അരിയും മറ്റു ഭക്ഷ്യവസ്തുക്കളും ഉള്‍നാടന്‍ മേഖലകളില്‍ ഉള്‍പ്പെടെ ലഭ്യമാക്കുന്നതിനായി അരിവണ്ടികള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.