കാർത്തികപ്പള്ളി യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണു
Monday, July 21, 2025 1:32 AM IST
ആലപ്പുഴ: കാര്‍ത്തികപ്പള്ളി യുപി സ്കൂളിലെ 150 വര്‍ഷത്തിലേറെ പഴക്കമുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു. സ്കൂളിലെ പ്രധാന കെട്ടിടത്തിത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗമാണ് ഭാഗികമായി തകര്‍ന്നത്. അവധി ദിവസമായതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.
ഞായറാഴ്ച രാവിലെയോടെയാണ് കാറ്റിലും മഴയിലും സ്കൂളിലെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നത്. തകര്‍ന്ന കെട്ടിടത്തില്‍ ക്ലാസുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും മേല്‍ക്കൂരയുടെ പ്രധാന ഭാഗമല്ല, വരാന്തയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് തകര്‍ന്നതെന്നും സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
ഈ കെട്ടിടത്തില്‍ ക്ലാസുകളോ ഓഫീസോ പ്രവര്‍ത്തിക്കുന്നില്ലെന്നും അപകടാവസ്ഥയിലായതിനാല്‍ കെട്ടിടം പൊളിച്ചു മാറ്റുന്നതിനുള്ള നടപടികള്‍ പഞ്ചായത്ത് ആരംഭിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഈ ഭാഗത്തേക്ക് പോകരുതെന്ന് വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നെന്നും പ്രധാന അധ്യാപകന് ബിജു പറഞ്ഞു. പതിനാല് മുറികളുള്ള പുതിയ കെട്ടിടത്തിന്റെ നിര്‍മാണം കിഫ്ബി ഫണ്ടില്‍ നിന്ന് പൂര്‍ത്തിയായിട്ടുണ്ട്. കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്‍പറേഷനായിരുന്നു നിര്‍മാണ ചുമതല.
നിലവില്‍ ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതു പൂര്‍ത്തിയാക്കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റും ഫിറ്റ്നസും ലഭിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോസ്റ്റല്‍ ഏരിയ ഡെവലപ്മെന്റ് കോര്പറേഷന് എംഡിക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഹെഡ്മാസ്റ്റര് ബിജു വ്യക്തമാക്കി.
എന്നാൽ ഇവിടെ ക്ലാസുകള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് രക്ഷിതാക്കളും നാട്ടുകാരും ആരോപിച്ചു. അപകടം നടന്ന ശേഷം സ്കൂള്‍ അധികൃതര്‍ ഇവിടത്തെ ക്ലാസ് മുറികളിലെ മേശകളും ബെഞ്ചുകളും ധൃതിയിൽ എടുത്തുമാറ്റുകയായിരുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. സ്കൂളിലെ പ്രധാനാധ്യാപകന്റെ മുറിയുടെ സമീപത്തെ മേല്‍ക്കൂരയാണ് തകര്‍ന്നത്. സ്കൂളിന്റെ ഓഫീസ് മുറിയിലേക്ക് കുട്ടികള്‍ പോകുന്ന വഴിയാണിത്.
ഈ കെട്ടിടത്തിനു ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നില്ലെന്നും താത്കാലിക ഫിറ്റ്നെസ് മാത്രമാണ് ഉള്ളതെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. 200 വര്‍ഷത്തോളം പഴക്കമുള്ളതാണ് സ്കൂള്‍. മേല്‍ക്കൂര തകര്‍ന്ന കെട്ടിടത്തിന് കുറഞ്ഞത് 150 വര്‍ഷത്തെ പഴക്കമുണ്ട്. ഇക്കാരണത്താല്‍ തന്നെ സ്കൂളിന് പഞ്ചായത്തില്‍നിന്ന് ഫിറ്റ്നസ് അനുവദിച്ചിരുന്നില്ല.