തലേക്കുന്നില്‍ ബഷീര്‍ സ്മാരക പുരസ്കാരം മന്ത്രി കെ. രാജന്
Monday, July 21, 2025 1:32 AM IST
വര്‍ക്കല: മലയാള സാംസ്കാരിക വേദിയുടെ പത്താമത് മലയാളിരത്ന പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. നവരത്നങ്ങള്‍ എന്ന നിലയിലാണ് ഒന്‍പത് മേഖലയില്‍ മികവ് തെളിയിച്ച പ്രതിഭകള്‍ക്ക് പുരസ്കാരം നല്കി വരുന്നത്. മികച്ച പൊതുപ്രവര്‍ത്തകനുള്ള തലേക്കുന്നില്‍ ബഷീര്‍ സ്മാരക മലയാളിരത്ന പുരസ്കാരത്തിന് മന്ത്രി കെ. രാജന് അര്‍ഹനായി.
കവിയും ഗാനരചയിതാവുമായ കെ. ജയകുമാര്‍ (സാഹിത്യ സാംസ്കാരികം), ആര്‍ട്ടിസ്റ്റ് ബി.ഡി. ദത്തന് (കല), റോബിന്‍സണ്‍ മൈക്കിള്‍ അബുദബി (ജീവകാരുണ്യം), വിതുര മൈലടി എഫ്എച്ച്സിയിലെ ഡോ. സുജാറാണി (ഡോ. രമേഷ്കുമാര്‍ കുറുപ്പ് സ്മാരകം ആതുരസേവനം), കോഴിക്കോട് സര്‍വകലാശാല മുന്‍ കോച്ച് ഡോ. മുഹമ്മദ് അഷ്റഫ് (കായികം), വര്‍ക്കല എംജിഎം സ്കൂള്‍ സെക്രട്ടറി ഡോ. പി.കെ. സുകുമാരന്‍ (വിദ്യാഭ്യാസം), അബുദബി റക്കോ ഗ്രൂപ്പ് എംഡി ബി. ജയപ്രകാശന്‍ (പ്രവാസി വ്യവസായി), ഗിരിജാസ് ലബോറട്ടറി ഗ്രൂപ്പ് എംഡി ഡോ. വി. ഗിരിജ (എന്റര്‍പ്രണര്‍) എന്നിവരാണ് പുരസ്കാര ജേതാക്കള്‍. ഓഗസ്റ്റ് ആറിന് വര്‍ക്കലയില്‍ സംഘടിപ്പിക്കുന്ന പതിനെട്ടാമത് വാര്‍ഷിക സാസ്കാരിക സമ്മേളനത്തില്‍ പുരസ്കാരങ്ങൾ സമ്മാനിക്കും.