കണ്ണൂരിൽ പൂജയ്ക്കിടെ മൃഗബലി
Saturday, July 19, 2025 2:12 AM IST
കണ്ണൂർ: കണ്ണൂരിൽ പൂജയ്ക്കിടെ ആടിനെ ബലി നൽകി. സംഭവത്തിന്റെ വീഡിയോ വൈറലായതിനു പിന്നാലെ പോലീസ് അന്വേഷണമാരംഭിച്ചു. രാത്രി നടക്കുന്ന പൂജയ്ക്കിടെ കറുത്ത ആടിന്റെ തല വെട്ടുന്നതാണു ദൃശ്യത്തിലുള്ളത്.
പൂജ നടക്കുന്നതിനിടെ ആടിനെ രണ്ടു പേർ പിടിക്കുകയും ഒരാൾ വാൾ ഉപയോഗിച്ച് ഒറ്റ വെട്ടിനു കഴുത്തു മുറിക്കുകയുമാണ്. ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ വീട്ടിലാണ് മൃഗബലി നടത്തിയതെന്നാണു സൂചനയെങ്കിലും സ്ഥിരീകരിച്ചിട്ടില്ല.
ആടിന്റെ രക്തം പാത്രത്തിലാക്കി ‘ഗുരുതി’ നടത്തുന്നതുൾപ്പടെയുള്ള ദൃശ്യങ്ങളും വീഡിയോയിലുണ്ട്. പ്രമുഖ രാഷ്ട്രീയ പാർട്ടിയെപ്പോലും നിയന്ത്രിക്കുന്ന സംഘടനയുമായി ബന്ധപ്പെട്ടവരാണു മൃഗബലി നടത്തിയതെന്നും പറയപ്പടുന്നുണ്ട്.
1968ൽ സംസ്ഥാനത്ത് സർക്കാർ നിയമത്തിലൂടെ ആരാധനയുടെ ഭാഗമായി മൃഗങ്ങളെയോ പക്ഷികളെയോ ബലി അർപ്പിക്കുന്നത് നിരോധിച്ചതാണ്. പോലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.