ആര്‍ച്ച്ബിഷപ് മാര്‍ ഗ്രിഗോറിയോസ് മലയാളക്കരയുടെ ആത്മീയ പിതാവ്: മാർ ക്ലീമിസ് കാതോലിക്കാ ബാവ
Friday, July 18, 2025 2:42 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ച്ച്ബിഷപ്പും മാര്‍ ഈവാനിയോസ് കോളജിന്റെ പ്രഥമ പ്രിന്‍സിപ്പലുമായിരുന്ന ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസ് അനന്തപുരിയുടെ മാത്രമല്ല മലയാളക്കരയുടെ തന്നെ ആത്മീയ പിതാവായിരുന്നുവെന്നു മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ.
ആര്‍ച്ച്ബിഷപ് ബെനഡിക്ട് മാര്‍ ഗ്രിഗോറിയോസിന്റെ പേരില്‍ മാര്‍ ഈവാനിയോസ് കോളജിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ അമിക്കോസ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇന്‍ഫോസിസ് സഹസ്ഥാപകനും വൈസ് ചെയര്‍മാനും സിഇഒയും ആയിരുന്ന ക്രിസ് ഗോപാലകൃഷ്ണനു സമ്മാനിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
ആര്‍ച്ച് ബിഷപ് മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഏറെ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നതെന്നു മറുപടി പ്രസംഗത്തില്‍ ക്രിസ് ഗോപാലകൃഷ്ണന് പറഞ്ഞു. അമിക്കോസ് ജനറല്‍ സെക്രട്ടറി ഡോ.കെ.ടി. ചെറിയാന് പണിക്കര്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ മാര്‍ ഈവാനിയോസ് കോളജ് പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. മീര ജോര്‍ജ് ആമുഖ പ്രസംഗം നടത്തി.
അമിക്കോസ് പ്രസിഡന്റ് മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍ അധ്യക്ഷനായിരുന്ന ചടങ്ങില്‍ വൈസ് പ്രസിഡന്റ് ഇ.എം.നജീബ് പ്രശസ്തിപത്രം വായിച്ചു. കടകംപള്ളി സുരേന്ദ്രന് എംഎല്‍എ, അമിക്കോസ് മുന്‍ പ്രസിഡന്റ് എബി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. അമിക്കോസ് സെക്രട്ടറി ഡോ. സിജു സി. ജോസഫ് നന്ദി പറഞ്ഞു.