നിമിഷപ്രിയയുടെ മോചനം; കേരളത്തിലെ പ്രചാരണം തിരിച്ചടിയായി
Thursday, July 17, 2025 2:02 AM IST
കോഴിക്കോട്: വധശിക്ഷയ്ക്കു വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ പ്രതിനിധി സംഘം യെമനില്‍ മധ്യസ്ഥശ്രമം തുടരുന്നതിനിടെ കേരളത്തില്‍ ഇതുമായി ബന്ധപ്പെട്ട് ആരംഭിച്ച പ്രചാരണങ്ങള്‍ ചര്‍ച്ച സങ്കീര്‍ണമാക്കിയതായി സേവ് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
പ്രതിനിധി സംഘം ഇരയുടെ കുടംബങ്ങളുമായി ദമാറില്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച സങ്കീര്‍ണമായ സാഹചര്യത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഇരയുടെ കുടുംബം ഏറ്റവുമധികം ആദരിക്കുന്ന സൂഫി ഗുരുവായ ഷെയ്ഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അദ്ദേത്തെ അവഹേളിച്ചുകൊണ്ടും സാമൂഹിക മാധ്യമങ്ങളിലടക്കം വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചതു കാരണം മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തയാറായ കുടുംബത്തിലെ കാരണവന്മാര്ക്കെതിരേ യുവാക്കള്‍ പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായിയെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടര്‍ന്നുവന്ന ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ പ്രയാസം നേരിടുകയാണ്. താത്ക്കാലികമായി വധശിക്ഷ മാറ്റിവയ്ക്കുന്ന ഉത്തരവ് മാത്രമേ ഇപ്പോള്‍ ഉണ്ടായിട്ടുള്ളൂ.
നിമിഷപ്രിയ മോചിതയാകുന്നതുവരെ എല്ലാവരും സംയമനം പാലിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ചെയര്മാന് പി.എം. ജാബിര്‍, കണ്‍വീനര്‍ ജയന് എടപ്പാള്‍, ജോയിന്റ് കണ്‍വീനര്‍ ആഷിക് മുഹമ്മദ് നാസര്‍ തുടങ്ങിയവര്‍ അറിയിച്ചു.