വന്യജീവി ആക്രമണം: സൗജന്യ നിയമസഹായ പദ്ധതി നടപ്പാക്കുമെന്ന് ജസ്റ്റീസ് സൂര്യകാന്ത്
Sunday, August 31, 2025 1:54 AM IST
തിരുവനന്തപുരം: വന്യജീവി ആക്രമണങ്ങൾക്ക് ഇരയാകുന്നവർക്കും അവരുടെ കുടുംബത്തിനും സൗജന്യ നിയമസഹായം ലഭ്യമാക്കാൻ ലീഗൽ സർവീസസ് അഥോറിറ്റി താഴേത്തട്ടിൽ പദ്ധതി നടപ്പാക്കുമെന്നു സുപ്രീംകോടതി ജഡ്ജിയും ദേശീയ ലീഗൽ സർവീസസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റീസ് സൂര്യകാന്ത് പറഞ്ഞു.
‘മനുഷ്യ- വന്യജീവി സംഘർഷവും സഹവർത്തിത്വവും’ എന്ന മേഖലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യ- വന്യജീവി ആക്രമണത്തിന്റെ ഇരകൾക്കു നീതി ലഭ്യമാക്കുന്നതിനുള്ള ദേശീയ പദ്ധതിയും യോഗത്തിൽ പ്രകാശനം ചെയ്തു.
ലീഗൽ സർവീസസ് അഥോറിറ്റിയുടെ നേതൃത്വത്തിൽ താലൂക്കു തലത്തിൽ ഇതിനുള്ള സംവിധാനം ഒരുക്കും. വന്യജീവി സംഘർഷം റിപ്പോർട്ട് ചെയ്താൽ വിവരം പരിശോധിച്ചശേഷമാകും അഥോറിറ്റി ഇടപെടുക. മനുഷ്യവന്യ-ജീവി സംഘർഷം അടിക്കടിയുണ്ടാകുന്ന ഹോട്സ്പോട്ടുകൾ കണ്ടെത്തി ബോധവത്കരണ പരിപാടികൾ നല്കുന്നതടക്കം ശാസ്ത്രീയമായ പദ്ധതികൾ നടപ്പാക്കും. ഇരകളുടെ കുടുംബത്തിന് അർഹമായ സഹായം എത്രയും വേഗം ലഭ്യമാക്കുകയാകും ആദ്യപടി.
പോലീസ്, റവന്യു, കൃഷി വകുപ്പുകളുമായി ബന്ധപ്പെട്ട തുടർന്നുള്ള ആനൂകൂല്യങ്ങൾ ഉറപ്പാക്കുന്നതിനും അഥോറിറ്റി ഇടപെടും. പരിക്കേൽക്കുന്നവർക്ക് തുടർസഹായങ്ങൾക്ക് ആവശ്യമായ സർട്ടിഫിക്കറ്റുകൾ നേടിയെടുക്കൽ, കൗണ്സലിംഗ് തുടങ്ങിയവയ്ക്കായി ലീഗൽ സർവീസസ് അഥോറിറ്റി പാനലിൽ ഉൾപ്പെട്ടവരും പാരാലീഗൽ വോളന്റിയർമാരും പൂർണ നിയമസഹായവുമായി രംഗത്തുണ്ടാകും. ആദിവാസികൾ, സത്രീകൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മുതിർന്ന പൗരന്മാർ തുടങ്ങിയവർക്ക് നിയമസഹായം ഉറപ്പാക്കുന്നതിനായി പ്രത്യേക മാർഗരേഖയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രീം കോടതി ജഡ്ജി ജസ്റ്റീസ് വിക്രംനാഥ് മുഖ്യപ്രഭാഷണം നടത്തി. മന്ത്രി പി. രാജീവ്, കേരള ഹൈക്കോടി ചീഫ് ജസ്റ്റീസ് നിതിൻ ജാംദാർ, അറ്റോർണി ജനറൽ ആർ. വെങ്കിട്ടരമണി, സുപ്രീംകോടതി ജഡ്ജിമാരായ ജസ്റ്റീസ് എം.എം. സുന്ദരേശ്, ബി.വി. നാഗരത്ന, കേരള ഹൈക്കോടതി ജഡ്ജിയും കേരള ലീഗൽ സർവീസസ് അഥോറിറ്റി എക്സിക്യൂട്ടീവ് ചെയർമാനുമായ ജസ്റ്റീസ് എ. മുഹമ്മദ് മുഷ്താഖ്, കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് സി.എസ്. ദിയാസ് എന്നിവർ പ്രസംഗിച്ചു.
കേരള ലീഗൽ സർവീസസ് അഥോറിറ്റിയുമായി ചേർന്ന് മനുഷ്യ- വന്യജീവി സംഘർഷവും സഹവർത്തിത്തവും എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ലീഗൽ സർവീസസ് അഥോറിറ്റി ഭാരവാഹികളും സുപ്രീം കോടതി ജഡ്ജിമാർ അടക്കമുള്ള നിയമവിദഗ്ധരുമാണ് പങ്കെടുക്കുന്നത്.