സി.കെ. ജാനു എന്‍ഡിഎ വിട്ടു
Sunday, August 31, 2025 1:54 AM IST
കോഴിക്കോട്: മുത്തങ്ങ ഭൂസമര നായിക സി.കെ. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയപാര്‍ട്ടി (ജെആര്‍പി) എന്‍ഡിഎ മുന്നണി വിട്ടു. ഇന്നലെ കോഴിക്കോട്ട് ചേര്‍ന്ന ജെആര്‍പി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. മുന്നണിമര്യാദ പാലിക്കാത്ത നിലപാടില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സി.കെ. ജാനു പറഞ്ഞു.
മറ്റു മുന്നണികളുമായി സഹകരിക്കണോ എന്നത് പിന്നീടു തീരുമാനിക്കും. ഇപ്പോള്‍ സ്വതന്ത്രമായി നില്‍ക്കാനാണ് ആഗ്രഹിക്കുന്നത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പു ലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി തീരുമാനമെടുത്തതായും സി.കെ. ജാനു പറഞ്ഞു.
2016 ലാണ് സി.കെ. ജാനു ജെആര്‍പി രൂപവത്കരിച്ചത്. മുത്തങ്ങ സമരനായകനായ എം. ഗീതാനന്ദന് അടക്കമുള്ളവരുടെ എതിര്‍പ്പുകളെ അവഗണിച്ചാണ് സി.കെ.ജാനുവിന്റെ പാര്‍ട്ടി എന്‍ഡിഎയില്‍ ചേര്‍ന്നത്.
ഈ വിഷയത്തെ തുടര്‍ന്ന് ഗീതാനന്ദനും ജാനുവും രണ്ടു ചേരിയിലാണ്. ബത്തേരി നിയോജകമണ്ഡലത്തില്‍ മുമ്പ് സി.കെ. ജാനുവിനെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിപ്പിച്ചിരുന്നുവെങ്കിലും ബിജെപിയുടെ വോട്ടുകള്‍ പ്രതീക്ഷിച്ചത്ര കിട്ടിയിരുന്നില്ല. വോട്ട് ചോര്‍ച്ചയിലുള്ള അസംതൃപ്തി പരസ്യമാക്കാതെ ജാനു മുന്നണിയില്‍ തുടരുകയായിരുന്നു.
ദേശീയ പട്ടികവര്‍ഗ കമ്മീഷനില്‍ സ്ഥാനമാനം നല്‍കാമെന്നതടക്കമുള്ള വാഗ്ദാനങ്ങള്‍ നല്‍കിയാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള ബിജെപി ദേശീയനേതാക്കള്‍ ഇടപെട്ട് ജാനുവിനെ എന്‍ഡിഎയില്‍ എത്തിച്ചതെന്നാണ് സൂചന. വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടും വാഗ്ദാനങ്ങള്‍ നടപ്പാകാത്തതില്‍ ജാനു അസംതൃപ്തയായിരുന്നു.