രാഹുലിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് എം.വി. ഗോവിന്ദൻ
Saturday, August 30, 2025 1:25 AM IST
തിരുവനന്തപുരം : ലൈംഗികാരോപണത്തിൽപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനെതിരേയുള്ള പ്രതിഷേധം ശക്തമാക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.
കേരളത്തിന്റെ രാഷ്ട്രീയചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത പരാതികളുടെ പരന്പരയാണു രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കേട്ടതിനെക്കാൾ കൂടുതൽ കേൾക്കാനുണ്ട്. പുറത്തുവരുന്നത് മഞ്ഞുമലയുടെ നേരിയ ഭാഗം മാത്രമാണെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.
രാഹുലിനെതിരേ കോണ്‍ഗ്രസ് എന്തു നടപടി സ്വീകരിച്ചുവെന്നുള്ളത് പരിശോധിക്കണം. മനഃസാക്ഷിയുള്ള ജനങ്ങളും ചില ഉന്നത കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചതുകൊണ്ടുമാത്രമാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ചത്. അധ്യക്ഷ സ്ഥാനം രാജിവച്ച് തലയൂരാനാണു രാഹുൽ ശ്രമിച്ചത്.
പാർട്ടിയിൽനിന്നു പുറത്താക്കാനോ എംഎൽഎസ്ഥാനം രാജിവയ്പ്പിക്കാനോ കോണ്‍ഗ്രസ് നേതൃത്വം ഇടപെട്ടില്ല. കോണ്‍ഗ്രസിന്റെ ഭരണഘടനപ്രകാരം സസ്പെൻഷൻ 30 ദിവസമാണ്. അതുകൊണ്ടുതന്നെ 30 ദിവസം കഴിഞ്ഞാൽ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കാതിരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.