സ്വകാര്യബസുകൾക്കുള്ള നിയന്ത്രണങ്ങള്‍ ശരിവച്ച് ഹൈക്കോടതി
Friday, August 29, 2025 1:14 AM IST
കൊച്ചി: സ്വകാര്യബസുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ഗതാഗത വകുപ്പ് നടപ്പാക്കിയ നിയന്ത്രണങ്ങള്‍ ഹൈക്കോടതി ശരിവച്ചു.
ഡ്രൈവറും കണ്ടക്ടറും പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം, സ്കൂള്‍ ബസുകള്‍ക്കു മുന്നിലും പിന്നിലും അകത്തും കാമറ സ്ഥാപിക്കണം, വാഹനം എവിടെ എത്തിയെന്നു കൃത്യമായി അറിയാന്‍ കഴിയുന്ന ജിയോ ഫെന്‍സിംഗ് സംവിധാനം സ്ഥാപിക്കണം എന്നീ നിര്‍ദേശങ്ങള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികള്‍ തള്ളിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്.
ഗതാഗത അഥോറിറ്റി ജനുവരിയിലെടുത്ത തീരുമാനവും ഇതിനു തുടര്‍ച്ചയായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ കഴിഞ്ഞ ഏപ്രിലില്‍ പുറപ്പെടുവിച്ച സര്‍ക്കുലറും ചോദ്യം ചെയ്താണു ഹര്‍ജികള്‍ നല്‍കിയത്.
മോട്ടോര്‍ വാഹന നിയമപ്രകാരം സാധ്യമായ വ്യവസ്ഥകള്‍ മാത്രമേ കൊണ്ടുവരാനാകൂ. നിയമങ്ങള്‍ രൂപീകരിക്കാനുള്ള അധികാരം എസ്ടിഎയ്ക്കല്ല, സംസ്ഥാന സര്‍ക്കാരിനാണ്. ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വ്യവസ്ഥ നടപ്പാക്കിയാല്‍ ബസ് ജീവനക്കാര്‍ക്ക് ക്ഷാമമുണ്ടാകുമെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഡ്രൈവര്‍മാരുടെ അശ്രദ്ധമൂലം അപകടങ്ങള്‍ പെരുകുന്നതും വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരോടു മോശമായി പെരുമാറുന്നുവെന്ന പരാതികളും കണക്കിലെടുത്താണ് പോലീസ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. 2023നും 2025നും ഇടയില്‍ സംസ്ഥാനത്ത് 1017 ബസ് അപകടങ്ങളുണ്ടായതായും സര്‍ക്കാരിന്റേതു നയപരമായ തീരുമാനമാണെന്നും ചൂണ്ടിക്കാട്ടി.
പൊതുതാത്പര്യം കണക്കിലെടുത്തുള്ള നയപരമായ തീരുമാനമാണു സര്‍ക്കാരില്‍ നിന്നുണ്ടായതെന്ന് കോടതി പറഞ്ഞു.