ഒരുങ്ങിയത് യാത്രയയപ്പ് ചടങ്ങിന്, നടന്നത്; അനുശോചന യോഗം
Thursday, August 28, 2025 4:36 AM IST
കെ. ഇന്ദ്രജിത്ത്
തിരുവനന്തപുരം: സർവീസിൽ നിന്നു വിരമിക്കാനിരുന്ന എഡിജിപി മഹിപാൽ യാദവിന് ഓണ്‍ലൈനായി ഒരുക്കിയ യാത്രയയപ്പു ചടങ്ങിന്റെ സമയത്തു നടന്നത് അനുശോചന യോഗം. പോലീസ് ആസ്ഥാനത്ത് ഇന്നലെ വൈകുന്നേരം നാലിന് സഹപ്രവർത്തകരുടെ യാത്രയയപ്പും ആശംസകളും ഏറ്റുവാങ്ങാനായി ഓണ്‍ലൈനായി ഒരുക്കിയ പോലീസ് സേനയുടെ ഒദ്യോഗിക യാത്രയയപ്പ് ചടങ്ങാണ് മഹിപാൽ യാദവിന്റെ അന്ത്യയാത്രാമൊഴിയായി മാറിയത്.
ഈ മാസം 30ന് സർവീസിൽ നിന്നു വിരമിക്കുന്നതിനു മുന്നോടിയായാണ് മഹിപാൽ യാദവിന് പോലീസ് ആസ്ഥാനത്തു യാത്രയയപ്പു ചടങ്ങ് സംഘടിപ്പിച്ചത്. സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ യാത്രയയപ്പ് ചടങ്ങ് ഓണ്‍ലൈനായി സംഘടിപ്പിക്കാമെന്നായിരുന്നു തീരുമാനം. വൈകുന്നേരം നാലിനു നടക്കുന്ന ചടങ്ങിൽ രാജസ്ഥാൻ ജയ്പുരിലെ ആശുപത്രിയിൽനിന്ന് മഹിപാൽ യാദവ് ഓണ്‍ലൈനായി പങ്കെടുക്കും.
മുതിർന്ന ഡിജിപിമാരും എഡിജിപിമാരും അടക്കമുള്ള ഉദ്യോഗസ്ഥർ പോലീസ് ആസ്ഥാനത്തിരുന്നും മംഗളങ്ങൾ നേരും. തിരുവനന്തപുരത്തിനു പുറത്തുള്ള ഐപിഎസ് ഉദ്യോഗസ്ഥർക്ക് യാത്രയയപ്പ് ചടങ്ങിന്റെ ഓണ്‍ലൈൻ ലിങ്കും നൽകിയിരുന്നു. മഹിപാൽ യാദവിന്റെ ഒരു ബന്ധുവും പോലീസ് ആസ്ഥാനത്ത് നേരിട്ട് എത്തുമെന്ന് അറിയിച്ചിരുന്നു.
യാത്രയയപ്പു ചടങ്ങിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നതിനിടെയാണ് ഇന്നലെ രാവിലെ പത്തോടെ മഹിപാൽ യാദവിന്റെ വിയോഗ വാർത്തയെത്തുന്നത്. തുടർന്ന് പോലീസ് ആസ്ഥാനത്ത് നിശ്ചയിച്ച യാത്രയയപ്പ് യോഗം അങ്ങനെ അനുശോചന യോഗമായി.
തലച്ചോറിലെ ട്യൂമർ ബാധയെ തുടർന്നു ചികിത്സയിലായിരുന്നു. എക്സൈസ് കമ്മീഷണറായിരിക്കേ രോഗം മൂർച്ഛിച്ചതിനെ തുടർന്നു മഹിപാൽ യാദവിനെ കഴിഞ്ഞ ജൂലൈയിൽ എയർ ആംബുലൻസിലാണ് രാജസ്ഥാനിലേക്ക് കൊണ്ടുപോയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു നേരത്തേ ചികിത്സയിൽ കഴിഞ്ഞിരുന്നത്.
യാത്രയയപ്പു ചടങ്ങിനുള്ള ഫെയർവെൽ വീഡിയോ തയാറാക്കാൻ പോലീസ് ആസ്ഥാനത്തു നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച മഹിപാൽ യാദവിന്റെ മകനെ ബന്ധപ്പെട്ടിരുന്നു. അസുഖം ഭേദമായി വരുന്നതായും രണ്ടു ദിവസത്തിനകം ആശുപത്രി വിടുമെന്നുമായിരുന്നു അറിയിച്ചിരുന്നത്. പെട്ടന്ന് രോഗം മൂർച്ഛിച്ചതിനെ തുടർന്നായിരുന്നു അന്ത്യം.