കെസിവൈഎം ‘കേരള നവീകരണ യാത്ര’യ്ക്ക് ഇന്നു തുടക്കം
Thursday, August 28, 2025 4:36 AM IST
വെള്ളരിക്കുണ്ട് (കാസർഗോഡ്): യുവത്വത്തിന്റെ കണ്ണുകളിലൂടെ കേരളസമൂഹത്തിന്റെ വികസനം എന്ന ആപ്തവാക്യവുമായി കെസിവൈഎം സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നു തിരുവനന്തപുരം വരെ നടത്തുന്ന കേരള നവീകരണ യാത്രയ്ക്ക് ഇന്ന് വെള്ളരിക്കുണ്ടിൽ തുടക്കമാകും.
രാവിലെ 10ന് വെള്ളരിക്കുണ്ട് ടൗണിൽ കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നിസ് കുറുപ്പശേരി യാത്ര ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് എബിൻ കണിവയലിൽ ജാഥയ്ക്കു നേതൃത്വം നൽകും. സംസ്ഥാന സെക്രട്ടറി വിപിൻ ജോസഫ് ജാഥ മാനേജരായിരിക്കും.
ലഹരിക്കെതിരായ പോരാട്ടം, യുവജന മുന്നേറ്റം, വർധിച്ചുവരുന്ന ക്രൈസ്തവ പീഡനങ്ങൾ, മലയോര- തീരദേശ - ദളിത് ജനതകളുടെ അവകാശ സംരക്ഷണം, വർഗീയതയ്ക്കെതിരേ ബഹുസ്വരതയുടെ ശബ്ദം, ഭരണഘടനാവകാശങ്ങൾ ഉറപ്പാക്കുക എന്നീ വിഷയങ്ങളുയർത്തിപ്പിടിച്ചുകൊണ്ടാണു യാത്ര നടത്തുന്നത്.
യാത്രയുടെ ഭാഗമായി വിവിധ രൂപതകളിൽനിന്നു ശേഖരിക്കുന്ന നിർദേശങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ തയാറാക്കുന്ന കേരള വികസനരേഖ സമാപന ദിവസം മുഖ്യമന്ത്രിക്കും മറ്റു പ്രമുഖ രാഷ്്ട്രീയ നേതാക്കൾക്കും സമർപ്പിക്കും. വിവിധ രൂപത മെത്രാന്മാരും സമൂഹത്തിന്റെ വിവിധ തുറകളിൽനിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങളും യാത്രയിൽ അണിചേരും.
സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജോസ്, തലശേരി അതിരൂപത പ്രസിഡന്റ് അബിൻ വടക്കേക്കര, ഡയറക്ടർ ഫാ.അഖിൽ മുക്കുഴി, സംസ്ഥാന ഭാരവാഹികളായ ജോഷ്ന എലിസബത്ത്, അനൂപ് ജെ.ആർ. പാലിയോട്, ജിബി ഏലിയാസ്, ജീന ജോർജ്, ജോസ്മി മരിയ ജോസ്, സനു സാജൻ പടിയറയിൽ എന്നിവർ നേതൃത്വം നൽകും. 14 ജില്ലകളിലെ 32 രൂപതകളിലൂടെ കടന്നുപോകുന്ന നവീകരണയാത്ര സെപ്റ്റംബർ ഏഴിനു തിരുവനന്തപുരത്ത് സമാപിക്കും.