ഭൂപതിവ് ചട്ടങ്ങൾക്ക് അംഗീകാരം
Thursday, August 28, 2025 4:38 AM IST
തിരുവനന്തപുരം: നിയമസഭ പാസാക്കിയ ഭൂപതിവ് നിയമഭേദഗതിയുടെ ചട്ടങ്ങൾ മന്ത്രിസഭായോഗം അംഗീകരിച്ചു. ഇനി നിയമസഭ സബ്ജക്ട് കമ്മിറ്റിയുടെ അംഗീകാരം നേടണം. മലയോര ജനത നേരിടുന്ന ഭൂപ്രശ്നങ്ങൾക്കു പരിഹാരമുണ്ടാക്കാൻ ഇതു സഹായകമാകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ഭേദഗതി നിയമം പ്രാബല്യത്തിൽ വന്ന 2024 ജൂണ് ഏഴു വരെ ഇത്തരം ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗങ്ങൾ ക്രമീകരിക്കുന്നതിനും പതിച്ചു നൽകിയ ആവശ്യങ്ങൾക്കല്ലാതെ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ വ്യവസ്ഥകളോടെ അനുമതി നൽകുന്നതിനും ഈ ഭേദഗതി സഹായകമാകും.
രണ്ടു ചട്ടങ്ങളാണ് സർക്കാർ കൊണ്ടുവരുന്നത്. പതിച്ചുകിട്ടിയ ഭൂമിയിൽ ഇതുവരെ ഉണ്ടായിട്ടുള്ള വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള ചട്ടങ്ങളും കൃഷിക്കും ഗൃഹനിർമാണത്തിനും മറ്റുമായി പതിച്ചു നൽകിയ ഭൂമി പ്രധാനമായും ജീവനോപാധി ലക്ഷ്യമാക്കിയുള്ള മറ്റു വിനിയോഗത്തിനു അനുവദിക്കുന്നതിനുള്ള ചട്ടങ്ങളും. ജീവനോപാധിക്കായി പട്ടയഭൂമി വിനിയോഗിക്കുന്നതിന് അനുമതിക്കായുള്ള രണ്ടാമത്തെ ചട്ടങ്ങൾ ഇതിനു തുടർച്ചയായി പരിഗണിക്കും.
സംസ്ഥാനത്ത് പട്ടയം വഴി സർക്കാർ ഭൂമി ലഭിച്ച ഏതൊരാൾക്കും അവരുടെ ജീവനോപാധിക്കായുള്ള സ്വതന്ത്ര വിനിയോഗത്തിന് തടസം സൃഷ്ടിക്കരുതെന്നതാണ് സർക്കാരിന്റെ നിലപാടെന്നു മുഖ്യമന്ത്രി വ്യക്തമാക്കി.
2023 സെപ്റ്റംബർ 14 നാണ് ഭൂപതിവ് നിയമഭേദഗതി നിയമസഭ പാസാക്കിയത്. 2024 ഏപ്രിൽ 27ന് ഗവർണർ ബിൽ അംഗീകരിച്ചു.
ബില്ലിലെ പ്രധാന വ്യവസ്ഥകൾ
പുതിയ നിയമഭേദഗതി അനുസരിച്ച് "പതിവുകാരൻ’ (ഉടമസ്ഥൻ) എന്നത് ഭൂമി പതിച്ചുകിട്ടിയ വ്യക്തിയും അനന്തരാവകാശിയും പിന്തുടർച്ചാവകാശിയും ഭൂപതിവ് വ്യവസ്ഥകൾ ലംഘിച്ച ശേഷമുള്ള കൈമാറി ലഭിച്ച ഉടമസ്ഥനും ഉൾപ്പെടുന്നു. ഇക്കാരണത്താൽ നിലവിലുള്ള ഉടമസ്ഥന് തന്റെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിനുള്ള രേഖകൾ മാത്രം സമർപ്പിച്ചാൽ മതിയാകും.
☛ അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് ഓണ്ലൈൻ പോർട്ടൽ ഏർപ്പെടുത്തും. അപേക്ഷ സമർപ്പിക്കാനും അതിലെ തുടർനടപടികൾ നിരീക്ഷിക്കാനും നടപടി സ്വീകരിക്കും.
☛ വകമാറ്റിയുള്ള വിനിയോഗം ക്രമീകരിക്കുന്നതിനുള്ള അപേക്ഷ സമർപ്പിക്കാൻ ഒരു വർഷംവരെ സമയമനുവദിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടി നൽകുകയും ചെയ്യും. ഇക്കാരണത്താൽ അപേക്ഷകൾ സമർപ്പിക്കുന്നതിന് സാവകാശവും ലഭിക്കും.
☛ പതിച്ചു കിട്ടിയ ഭൂമിയിലെ പട്ടയവ്യവസ്ഥ ലംഘിച്ച് എത്ര അളവ് ഭൂമി മറ്റാവശ്യത്തിന് വിനിയോഗിച്ചിട്ടുണ്ടോ, ആ ഭൂമിയിലെ വകമാറ്റിയുള്ള വിനിയോഗം മാത്രമാണ് ക്രമീകരിക്കുക. ബാക്കിയുള്ള ഭൂമി നേരത്തേയുള്ള പട്ടയവ്യവസ്ഥയ്ക്ക് വിധേയമായിരിക്കും. ഇവിടെ മറ്റാവശ്യങ്ങൾ നിർവഹിക്കുന്നതിന് പ്രത്യേക അനുമതി നേടേണ്ടതാണ്. അതായത്, ക്രമവിരുദ്ധമായ പ്രവർത്തനങ്ങളൊന്നുംതന്നെ പിന്നീട് അനുവദിക്കില്ല.
താമസത്തിനുള്ള വീടുകൾക്ക് അപേക്ഷാഫീസ് മാത്രം
തിരുവനന്തപുരം: സർക്കാർ അംഗീകരിച്ച ഭൂപതിവ് നിയമ ഭേദഗതിയുടെ ചട്ടങ്ങൾ പ്രകാരം താമസത്തിനായുള്ള വീടു നിർമാണത്തിനു നൽകിയ ഭൂമി മറ്റൊരാവശ്യത്തിന് വിനിയോഗിച്ചുവെങ്കിൽ മാത്രമേ ക്രമീകരണം ആവശ്യമായുള്ളൂ.
ഉടമസ്ഥന്റെ താമസത്തിനായുള്ള എല്ലാ വീടുകളും അപേക്ഷാ ഫീസ് മാത്രം ഈടാക്കി ക്രമീകരിക്കും. അതായത്, വ്യാപാരാവശ്യത്തിനു വിനിയോഗിക്കുന്ന കെട്ടിടങ്ങൾക്കുള്ള കോന്പൗണ്ടിംഗ് ഫീസ് എല്ലാ റസിഡൻഷ്യൽ ബിൽഡിംഗുകൾക്കും ഒഴിവാക്കും.
പട്ടയഭൂമി നിശ്ചിത സമയപരിധിക്കു ശേഷമേ മറ്റൊരാൾക്കു കൈമാറുന്നതിനു കഴിയുകയുള്ളൂ. ഇതു ലംഘിച്ചുള്ള കൈമാറ്റങ്ങൾ നടന്നിട്ടുണ്ട്. ഇപ്രകാരം ഭൂമി കൈമാറി ലഭിച്ച ഉടമസ്ഥർക്ക് ന്യായവിലയുടെ നിശ്ചിത ശതമാനം ഫീസ് ഈടാക്കി ക്രമപ്പെടുത്തി നൽകും. അതോടൊപ്പം കൈമാറ്റം വഴി ലഭിച്ച ഭൂമി മുൻകൂർ അനുമതിയോടെ വകമാറ്റി ഉപയോഗിക്കുവാൻ രണ്ടാമതായി രൂപീകരിക്കുന്ന ചട്ടങ്ങളിൽ വ്യവസ്ഥ ചെയ്യും.